06 December Friday

വള്ളം മറിഞ്ഞു; തൊഴിലാളികളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകന്‍Updated: Saturday Jun 8, 2019
 
നീണ്ടകര
നീണ്ടകരയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചു. മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന പുത്തൻതുറ സ്വദേശികളായ രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. നീണ്ടകര പുത്തൻതുറ സ്വദേശി ജയന്റെ ഉടമസ്ഥതയിലുള്ള ‘അമ്മേ നാരായണ’ എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ജയൻ, മോഹി എന്നിവരെ മറൈൻ എൻഫോഴ്സ്മെന്റ‌് പരിക്കുകളോടെ കരയ്ക്കെത്തിച്ചു. 
നീണ്ടകര അഴിയുടെ പടിഞ്ഞാറുഭാഗത്ത‌് വെള്ളിയാഴ്ച  രാവിലെ 7.30നായിരുന്നു അപകടം. മത്സ്യബന്ധനം കഴിഞ്ഞ്  മടങ്ങിവരവേ അമ്മേ നാരായണ വള്ളം മറ്റൊരു വള്ളവുമായി ഇടിക്കുകയായിരുന്നു. ഉടനെ വിവരം മറൈൻ എൻഫോഴ‌്സ‌്മെന്റിനെ അറിയിച്ചതിനെത്തുടർന്ന് സിപിഒ ടോമിയുടെ നേതൃത്വത്തിൽ വന്ന ബോട്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം മറ്റൊരു ബോട്ടെത്തിച്ച് നീണ്ടകര പൊലീസ് ബോട്ടിന്റെ വാർഫില്‍ എത്തിച്ചു. 
തുടർന്ന് മണിക്കൂറുകൾക്കു ശേഷം അമ്മേ നാരായണ വള്ളം ഇവരുടെ സ്ഥലത്തേക്ക് വേളാങ്കണ്ണി വള്ളത്തിൽ കെട്ടിവലിച്ച് പോകുന്നതിനിടെ നിയന്ത്രണം വിട്ടതോടെ കോസ്റ്റൽ പൊലീസിന്റെ ബോട്ട് എത്തി വള്ളം നീണ്ടകര ഹാർബറിലേക്ക് കൊണ്ടുവരികയായിരുന്നു. 
എന്നാൽ വള്ളങ്ങൾ കിടക്കുന്ന ഭാഗത്തേക്ക് വള്ളം എത്തിച്ചില്ലായെന്ന് ആരോപിച്ച് പ്രതിഷേധമുണ്ടായി. വള്ളങ്ങൾ അടുപ്പിക്കുന്ന ഭാഗത്ത് ചെളി നിറഞ്ഞു കിടക്കുന്നതിനാൽ കോസ്റ്റൽ പൊലീസിന്റെ ബോട്ട് അവിടേക്കുപോകാൻ കഴിയാത്തതിനാലാണ് വള്ളങ്ങൾ കിടക്കുന്ന ഭാഗത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നതെന്ന് കോസ്റ്റൽ പൊലീസ്  പറഞ്ഞു. പരിക്കേറ്റ രണ്ട്  തൊഴിലാളികളെ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top