17 February Sunday

അവധിക്കാലം അറിവരങ്ങാക്കാന്‍ വേനല്‍ തുമ്പികള്‍ എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 8, 2017
കരുനാഗപ്പള്ളി > അവധിക്കാലത്ത് കുരുന്നു മനസുകളില്‍ നന്‍മയുടെ തിരിനാളം തെളിയിക്കാന്‍ വേനല്‍ തുമ്പി കലാജാഥ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  സംസ്ഥാനത്തെ 177 ഏരിയകളിലായി 3500 ഓളം കുട്ടികള്‍ കലാജാഥയുടെ ഭാഗമാകും. ഇതിന്റെ ഭാഗമായുള്ള സംസ്ഥാന പ്രവര്‍ത്തക പരിശീലനം കരുനാഗപ്പള്ളിയിലെ കല്ലേലിഭാഗത്ത് 10 ന് പൂര്‍ത്തിയാകും. തുടര്‍ന്ന് വിവിധ ജില്ലകളില്‍ പരിശീലന ക്യാമ്പുകള്‍ നടക്കും. മെയ് 1 മുതല്‍ 10 വരെ കലാജാഥകള്‍ സംസ്ഥാന വ്യാപകമായി പര്യടനം നടക്കും. കുട്ടികള്‍ക്കു നേരെ അതിക്രമങ്ങള്‍ ശക്തമായി വരികയാണ്. വയലാറില്‍ പ്ളസ്ടു വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തെ അതീവ ഗൌരവമായാണ് ബാലസംഘം കാണുന്നത്. ലഹരി വസ്തുക്കളുടെ വര്‍ധിച്ച ഉപയോഗം, പൊതു വിദ്യാഭ്യാസ സംരക്ഷണം, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളും വേനല്‍തുമ്പി കലാജാഥയുടെ പ്രമേയങ്ങളാണ്. 
 
  മലയാളത്തിന്റെ പ്രിയ കവി ഒ എന്‍ വിക്ക് സമര്‍പ്പിക്കപ്പെട്ടതിനൊപ്പം ബാലസംഘത്തിന്റെ സഹയാത്രികനായ പാണി മാഷിനും ഇത്തവണത്തെ ജാഥ സമര്‍പ്പിക്കുന്നു. കൊല്ലം ജില്ലയിലെ വിവിധ ഏരിയകളില്‍ പര്യടനം നടത്തുന്ന കലാജാഥയുടെ പരിശീലനവും 10ന് പൂര്‍ത്തിയാകും. ഇതിന്റെ അവതരണോദ്ഘാടനം തൊടിയൂര്‍ രാജധാനി ആഡിറ്റോറിയത്തില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റ് ദിഷ്ണപ്രസാദ്, സെക്രട്ടറി എം കെ ബിബിന്‍രാജ്, സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ടി കെ നാരായണദാസ്, സംഘാടക സമിതി ചെയര്‍മാന്‍ പി കെ ബാലചന്ദ്രന്‍, കണ്‍വീനര്‍ പി കെ ജയപ്രകാശ്, ടി രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top