23 September Wednesday

ഡോക്ടർമാർ വീടുകളിലെത്തും

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
കൊല്ലം
അസുഖം വല്ലതും ഉണ്ടോ? ചികിത്സ നൽകാൻ ഡോക്ടറും നേഴ്‌സും വീടുകളിലെത്തും. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ  ആരംഭിക്കുന്ന മൊബൈൽ മെഡിക്കൽ ആൻഡ്‌ സർവയലൻസ് യൂണിറ്റിന്റെ ഭാഗമായാണ്‌ ഈ ചികിത്സാ സൗകര്യം സജ്ജമായത്‌.  യൂണിറ്റിന്റെ ഉദ്‌ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. 
മെഡിക്കൽ ഓഫീസർ, ലാബ് ടെക്‌നീഷ്യൻ,  നേഴ്‌സ്, ഡ്രൈവർ എന്നിവർ അടങ്ങുന്ന സംഘം വീടുകളിൽചെന്ന്‌ രോഗികളെ പരിശോധിക്കുകയും ലാബ് പരിശോധന ഉൾപ്പെടെ സൗജന്യമായി സാധ്യമാക്കുകയും ചെയ്യും.   ജില്ലാ ഭരണകേന്ദ്രവും ആരോഗ്യവകുപ്പും സംയുക്തമായി സജ്ജമാക്കിയതാണ് യൂണിറ്റ്. മുണ്ടയ്ക്കൽ പുവർഹോം അന്തേവാസികൾക്ക്  സേവനം ലഭ്യമാക്കിയാണ് യൂണിറ്റ്‌ പ്രവർത്തനം തുടങ്ങിയത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ജില്ലയിലെ വയോജന മന്ദിരങ്ങൾ, കെയർ ഹോം, ഭിന്നശേഷിക്കാരെ അധിവസിപ്പിച്ചിരിക്കുന്ന സ്ഥലം  എന്നിവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. 
പ്രതിരോധ കുത്തിവയ്‌പ്, മാതൃശിശു സംരക്ഷണം, പ്രാണിജന്യ രോഗ നിയന്ത്രണം, പാലിയേറ്റീവ് കെയർ, ജീവിതശൈലി രോഗ നിയന്ത്രണം തുടങ്ങി ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികളുടെ സേവനവും ഇതുവഴി ലഭ്യമാക്കും. കോവിഡ് നിയന്ത്രണങ്ങളുടെ  ഭാഗമായി കണ്ടെയ്‌ൻമെന്റ് സോണിൽ താമസിക്കുന്നവർ, തീരദേശ, മലയോര, ട്രൈബൽ വിഭാഗക്കാർ എന്നിവർക്കു കൂടി ആവശ്യാനുസരണം സേവനം ലഭ്യമാക്കും. 
ഉദ്‌ഘാടനച്ചടങ്ങിൽ കലക്ടർ ബി അബ്ദുൽ നാസർ, ഡിഎംഒ ആർ ശ്രീലത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ  ഹരികുമാർ, ഡെപ്യൂട്ടി ഡിഎംഒ ആർ സന്ധ്യ, ഡോ. സി ആർ ജയശങ്കർ, ഡോ. മണികണ്ഠൻ, പുവർ ഹോം സൂപ്രണ്ട് വത്സലൻ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top