16 November Saturday

പ്രതിഷേധം കേട്ടു; എറണാകുളംവരെ ഓടും

സ്വന്തം ലേഖകന്‍Updated: Wednesday Aug 7, 2019
 
 
പുനലൂർ
പുനലൂർ ഡിപ്പോയിൽനിന്ന് പുലർച്ചെ 5.45-ന് ചാലക്കുടിയ്ക്ക് പോയിരുന്ന  ഫാസ്റ്റ് പാസഞ്ചർ സർവീസ് ആലപ്പുഴവരെയാക്കിയ മാനേജ്മെന്റ് നടപടിക്കെതിരെ ഉയർന്ന പ്രതിഷേധം ഫലം കണ്ടു. ആലപ്പുഴ വരെ വെട്ടിച്ചുരുക്കിയ ബസ് സർവീസ് എറണാകുളം വരെ ഓടിക്കാൻ മാനേജിങ് ഡയറക്ടർ നിർദേശം നൽകി. എന്നിട്ടും ചാലക്കുടി വരെ സർവീസ് തുടരാൻ അനുമതി നൽകിയില്ല. 
പതിറ്റാണ്ടുകളായി പുനലൂരിൽനിന്നുള്ള  സർവീസാണ് ചാലക്കുടി. എറണാകുളത്തേയ്ക്കുള്ള അനവധി യാത്രക്കാർ ആശ്രയിച്ചിരുന്ന സർവീസാണ് വെട്ടിച്ചുരുക്കിയത്. രാവിലെ 10.30-ന് മുൻപ് എറണാകുളത്ത് എത്താമെന്നതായിരുന്നു ഇതിന്റെ മെച്ചം. എന്നാൽ ആലപ്പുഴവരെയായി സർവീസ് ചുരുക്കിയത് കിഴക്കൻ മേഖലയിലുള്ള യാത്രക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു. 
6.20-നുള്ള ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചറാണ് ഇതിന് ബദലായുള്ള മറ്റൊരു സർവീസ്. എന്നാൽ ഇത് എറണാകുളത്ത് എത്തുമ്പോൾ 11 കഴിയും. സർവീസുകളിൽ കെഎസ്ആർടിസി നടത്തിവരുന്ന പരിഷ്‌കാരത്തിൽ വർഷങ്ങളായി പുനലൂർ ഡിപ്പോയ്ക്ക് ഉണ്ടായിരുന്ന ഒരേയൊരു സൂപ്പർ ഫാസ്റ്റ് സർവീസ് ഇല്ലാതാക്കി. പുലർച്ചെ 5.30-ന് പുനലൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌  ഓടിക്കൊണ്ടിരുന്ന ബസാണ്‌   ഇല്ലാതായത്. 
ഈ സർവീസ് ഫാസ്റ്റ് പാസഞ്ചറാക്കി ഉത്തരവിറങ്ങിയെങ്കിലും ബസ് നൽകിയിട്ടില്ല. നിലവിൽ മറ്റേതെങ്കിലും സർവീസ് റദ്ദാക്കിയാണ് പുനലൂരിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌  ഫാസ്റ്റ് പാസഞ്ചർ സർവീസ് അയയ്ക്കുന്നത്. ആറു ദിവസമായി സർവീസ് നഷ്ടപ്പെട്ട ബസ് ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിലേയ്ക്ക് മാറ്റിയിട്ടിരിക്കുകയാണ്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസ്സോസിയേഷൻ(സിഐടിയു) തിങ്കളാഴ്ച പുനലൂർ ഡിപ്പോയിൽ ധർണ നടത്തിയിരുന്നു. മന്ത്രി കെ രാജുവിനും പരാതി നൽകി. 
പ്രധാന വാർത്തകൾ
 Top