22 November Friday
ക്രിമിനലുകളുടെ ആക്രമണം

ഡിവൈഎഫ്‌ഐ നേതാവിന്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019
 
ശാസ്താംകോട്ട 
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം ഷിബു ഗോപാലിനെ ക്രിമിനൽ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ  ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറെ കല്ലട പഴയ ബസ് സ്റ്റാൻഡിൽ ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സെൻ ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമിച്ചത്‌.  
പഴയ ബസ്‌സ്‌റ്റാൻഡിലെ പച്ചക്കറി വ്യാപാരി തമിഴ്‌നാട്‌ സ്വദേശി പ്രകാശിനെ  മാരകായുധങ്ങളുമായി എത്തിയ സെൻ ജോൺസന്റെ നേതൃത്വത്തിലുള്ള  ക്രിമിനലുകൾ ആക്രമിച്ചിരുന്നു. പഴയ ബസ്‌സ്‌റ്റാൻഡിൽ മത്സ്യക്കച്ചവടം നടത്തുന്ന സെൻ ജോൺസന്റെ സുഹൃത്തുക്കളായ സനലും ശരത്തും മാലിന്യങ്ങൾ തൊട്ടടുത്ത പഞ്ചായത്ത്‌ കിണറ്റിൽ നിക്ഷേപിക്കുന്നത്‌ ചോദ്യംചെയ്‌തതിനാണ്‌ പ്രകാശിനെ മർദിച്ചത്‌. മർദനമേറ്റ്‌ അവശനായ പ്രകാശ്‌  വീണ്ടും ആക്രമണം ഉണ്ടാകുമെന്ന്‌ ഭയന്നാണ്‌ ഷിബു ഗോപാലിനെ (36) വിളിച്ചുവരുത്തിയത്‌.  അക്രമികൾ വീണ്ടും മർദിക്കുന്നതു കണ്ട്‌ ഓടിയെത്തിയ ഷിബുവിനെ സനൽ ചവിട്ടിവീഴ്‌ത്തി. തുടർന്ന്‌ കമ്പിപ്പാര ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി മർദിക്കുകയായിരുന്നു. 
കമ്പികൊണ്ടുള്ള അടിയേറ്റ്‌ മൂക്കിന്റെ പാലം തകർന്നു. ഇടതുകൈ തല്ലി ഒടിച്ചു. ഇടതുകൈക്കും മൂക്കിനും പൊട്ടലേറ്റ ഷിബുവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുഡിഎഫ് ഭരണകാലത്ത്  ഊക്കൻമുക്കിൽ വളർന്നുവന്ന  മണൽ മാഫിയസംഘങ്ങളിൽ ഉൾപ്പെട്ടവരാണ്‌ അക്രമികൾ.  ശാസ്താംകോട്ട പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. രണ്ടുവർഷം മുമ്പ്‌ പുന്നമ്മൂട്ടിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമിച്ച സംഘത്തിൽപ്പെട്ടവരാണ്‌ പ്രതികൾ. ഷിബുഗോപാലിനെ മർദിച്ച ക്രിമിനലുകളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്ന് ഡിവൈഎഫ്ഐ  കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top