14 August Friday

ഇതരസംസ്ഥാന മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ഒരുക്കം

സ്വന്തം ലേഖികUpdated: Tuesday Jul 7, 2020
കൊല്ലം
ട്രോളിങ്‌ നിരോധനം 31ന്‌ അവസാനിക്കാനിരിക്കെ ഇതരസംസ്ഥാനങ്ങളിലേക്ക്‌ മടങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാൻ നടപടിയുമായി ബോട്ടുടമകൾ. നീണ്ടകര, അഴീക്കൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ച്‌  ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള 2000 തൊഴിലാളികളാണ് ജോലിചെയ്യുന്നത്‌‌. ലോക്ക്ഡൗൺ, ട്രോളിങ്‌ നിരോധനം എന്നിവയെ തുടർന്ന്‌ ഭൂരിപക്ഷം പേരും നാട്ടിലേക്ക്‌ മടങ്ങിയിരുന്നു. തിരികെ എത്തുന്നവർക്ക്‌ ക്വാറന്റൈൻ സൗകര്യമുൾപ്പെടെ ഏർപ്പെടുത്തുന്നതിനുള്ള നടപടിക്കാണ്‌ ബോട്ടുടമകൾ തുടക്കമിട്ടത്‌. തമിഴ്‌നാട്‌, കുളച്ചൽ, കന്യാകുമാരി, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ്‌ ഏറെയും‌. ക്വാറന്റൈനുശേഷം സ്വാബ്‌ പരിശോധന നെഗറ്റീവായാൽ മാത്രമേ മത്സ്യബന്ധനത്തിന്‌ ഇവർക്ക്‌ ഇറങ്ങാനാകൂ.  
അതിനാൽ ജൂലൈ ആദ്യവാരം ഇവരെ എത്തിച്ചാൽ മാത്രമാണ്‌ ആഗസ്ത് ഒന്നുമുതൽ കടലിൽ പോകാൻ കഴിയൂ. ശുചിമുറി ഉൾപ്പടെയുള്ള സൗകര്യമുള്ള കെട്ടിടങ്ങൾ ഒരുക്കുന്നതിനുള്ള‌ ശ്രമം ബോട്ടുടമകൾ തുടങ്ങി. കൊവിഡ്‌ പ്രോട്ടോകോൾ പ്രകാരം മൂന്നിലൊന്ന്‌ തൊഴിലാളികളെ ഉപയോഗിച്ചേ മത്സ്യബന്ധനം നടത്താൻ കഴിയും. നിലവിൽ ഒരു ബോട്ടിൽ 15മുതൽ 20തൊഴിലാളികൾ വരെയാണ്‌ കടലിൽ പോകുക‌.      
കോവിഡ്‌ മൂലം അഞ്ചുമാസം കടലിൽ പോകാനാകാതായതിനു‌ പുറമെ ട്രോളിങ്‌ നിരോധനവും വന്നതോടെ മേഖല വറുതിയിലായിരുന്നു. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ്‌ ഒരുക്കങ്ങൾ നടത്തുന്നത്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ കിട്ടാത്തപക്ഷം തദ്ദേശീയ തൊഴിലാളികൾക്ക്‌ അവസരം നൽകാനും ബോട്ടുടമകൾ തയ്യാറായിക്കഴിഞ്ഞു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top