03 August Monday
കൊട്ടാരക്കരയിൽ കർശന നിയന്ത്രണം

അകന്നുനിന്നാൽ മതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020
കൊട്ടാരക്കര
മുനിസിപ്പാലിറ്റിയിലെ അഞ്ച്‌ വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ സോണായി പ്രഖ്യാപിച്ചതോടെ കൊട്ടാരക്കര ടൗണിൽ കർശന നിയന്ത്രണം.
രോഗവ്യാപനം തടയാൻ നഗരത്തിലേക്കുള്ള പ്രധാന റോഡുകളിൽ വാഹനപരിശോധന ശക്തമാക്കി. അവശ്യകാര്യങ്ങൾക്ക് മാത്രമാണ്‌ ടൗണിനുള്ളിലേക്ക് വാഹനങ്ങൾ കടത്തിവിടുക. ദീർഘദൂര യാത്രക്കാർക്ക് ടൗണിൽ വാഹനം നിർത്താൻ അനുമതിയില്ല. പൊതുഗതാഗതം പൂർണമായും നിർത്തിവച്ചു. 
കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള സർവീസുകൾ നിർത്തി. മറ്റ് ഡിപ്പോയിൽനിന്ന് വരുന്ന ബസുകൾ ടൗൺ അതിർത്തിക്കപ്പുറം സർവീസ്‌ അവസാനിപ്പിക്കണം. തിരുവനന്തപുരം ഭാഗത്തെ ഡിപ്പോകളിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസുകൾ കരിക്കത്ത് സർവീസ് നിർത്തണം. അടൂർ ഭാഗത്തുനിന്ന് വരുന്നവ മൈലത്ത് സർവീസ് നിർത്തണം. കൊല്ലത്തുനിന്ന് വരുന്നവ റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലും പുനലൂരിൽ നിന്നുള്ള സർവീസുകൾ ചെങ്ങമനാടും അവസാനിപ്പിക്കണം. 
ഓയൂരിൽനിന്ന്‌ വരുന്ന ബസുകൾ തൃക്കണ്ണമംഗലും ശാസ്താംകോട്ട ഭാഗത്തുനിന്നുള്ളവ അവണൂരും യാത്ര അവസാനിപ്പിക്കണം. ദീർഘദൂര സർവീസുകൾക്ക്‌ എംസി റോഡിൽ കരിക്കത്തിനും മൈലത്തിനും ഇടയിൽ സ്റ്റോപ് ഉണ്ടാകില്ല. ദേശീയപാതയിൽ ചെങ്ങമനാട് അരോമ ജങ്‌ഷനും റെയിൽവേ സ്റ്റേഷൻ ജങ്‌ഷനും ഇടയിലും സ്റ്റോപ്പുകൾ അനുവദിക്കില്ല.
കണ്ടെയ്‌ൻമെന്റ്‌ സോണായതോടെ ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മരുന്നുകടകളും ഒഴികെ മറ്റെല്ലാം അടഞ്ഞുകിടക്കുകയാണ്‌. ബാങ്കിലും സർക്കാർ ഓഫീസിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. ബാങ്കിൽ നേരിട്ടുള്ള ഇടപാടുകൾ നടത്തില്ല. സർക്കാർ ഓഫീസുകളിൽ അപേക്ഷകളും മറ്റും ഇ –-മെയിൽ വഴിയും അന്വേഷണങ്ങൾ ഫോൺ വഴിയും നിജപ്പെടുത്തി. വഴിയോരക്കച്ചവടങ്ങൾ, ചായ, ജ്യൂസ് കടകൾ അടപ്പിച്ചു. ഹോട്ടലുകളിൽനിന്ന്‌ ഭക്ഷണം പാഴ്സലായി മാത്രമാണ്‌ നൽകുന്നത്‌.
29 പേർ അറസ്റ്റിൽ
ലോക്ക്ഡൗൺ ലംഘിച്ച്‌ പുറത്തിറങ്ങിയതിന്‌ 20 കേസ്‌ രജിസ്റ്റര്‍ ചെയ്തു. 29 പേരെ അറസ്റ്റ്ചെയ്തു. 15 വാഹനം പിടിച്ചെടുത്തു.മാസ്ക് ഉപയോഗിക്കാത്തതിന് 91 പേർക്കെതിരെയും കേസെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top