07 February Tuesday
ഓഡിറ്റ് നോട്ടിനെ വളച്ചൊടിച്ച്‌ കുപ്രചാരണം

റീഏജന്റ്‌ ഉപയോ​ഗിച്ചത് ​ഗുണനിലവാര പരിശോധനയ്ക്കുശേഷം

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022
കൊല്ലം
വിക്ടോറിയ ആശുപത്രിക്ക് സമീപം കെഎച്ച്ആർഡബ്ല്യുഎസിന് കീഴിലെ എസിആർ ലാബിൽ കാലാവധിയായ റീഏജന്റുകൾ പരിശോധനയ്ക്ക് ഉപയോ​ഗിച്ചെന്ന വാർത്ത തെറ്റിദ്ധാരണജനകവും അനാവശ്യ ആശങ്കയുണ്ടാക്കുന്നതും. കോവിഡ് കാലത്ത് അടിയന്തര സാഹചര്യത്തിൽ കുറച്ചു കേസുകളിൽ കർശന ​ഗുണനിലവാര പരിശോധനയ്ക്കു ശേഷം ഫലം കൃത്യമാണെന്ന് ഉറപ്പാക്കി മാത്രമാണ് ഉപയോ​ഗിച്ചത്. ഇതുവഴി പരിശോധനാഫലത്തിലും രോഗനിർണയത്തിലും ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) വ്യക്തമാക്കി. ഒരു വർഷത്തിലധികം കാലാവധി കഴിഞ്ഞവ എടുത്തിട്ടില്ല. ഒന്നുരണ്ടുദിവസമായവ ​ഗുണനിലവാര പരിശോധനയ്ക്ക്ശേഷം ഉപയോ​ഗിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. വിശദീകരണം ചോദിച്ചുള്ള ഓഡിറ്റ് നോട്ടാണ് ഓഡിറ്റ് റിപ്പോർട്ട് എന്ന പേരിൽ മനോരമ വാർത്തയാക്കിയതെന്ന് കെഎച്ച്ആർഡബ്ല്യുഎസ് എംഡി പി കെ സുധീർബാബു പറഞ്ഞു. അന്തിമ റിപ്പോർട്ടായിട്ടില്ല. 2014 മുതലുള്ള ഫിനാൻസ് ഓഡിറ്റാണ് നടന്നത്. ഓഡിറ്റ് ചെയ്തവർക്ക് ലാബിന്റെ സാങ്കേതിക വിഷയങ്ങളിൽ പരിജ്ഞാനമുണ്ടാകണമെന്നില്ല. കോവിഡ് കാലത്തെ ചില കേസുകൾ ഓഡിറ്റ് നോട്ടിൽ ചൂണ്ടിക്കാട്ടി. ഇതിൽ വിദ​ഗ്ധ  മറുപടി നൽകാനിരിക്കെയാണ് വാർത്ത വന്നത്.  മറുപടി തൃപ്തികരമാണെങ്കിൽ നോട്ടിൽ ചൂണ്ടിക്കാട്ടിയത് അന്തിമ റിപ്പോർട്ടിലുണ്ടാകില്ല. സ്വകാര്യലാബുകളെ സഹായിക്കുന്ന നിലയിൽ സര്‍ക്കാര്‍ ലാബിന്റെ ​ഗുണനിലവാരത്തെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങളിൽ അനാവശ്യ ആശങ്കയുണ്ടാക്കാനുമേ ഇത്തരം വാർത്ത ഉപകരിക്കൂ. എല്ലാ ലാബിലും ഇന്റേണൽ ഓഡിറ്റ് നടത്തി കാലാവധി ഉറപ്പുവരുത്തിയാണ് റീഏജന്റുകൾ ഉപയോ​ഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിക്ടോറിയ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ റീഏജന്റുകൾ ലാബ് പരിശോധനയ്ക്ക് ഉപയോ​ഗിച്ചുവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ആശുപത്രി സൂപ്രണ്ട് വി കൃഷ്ണവേണി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകും. കാലപരിധിക്കുള്ളിൽ ഉപയോ​ഗിക്കാത്തതു മൂലം 17000 രൂപയുടെ റീഏജന്റുകൾ ഉപയോ​ഗശൂന്യമായി,  കാലാവധി പൂർത്തിയാകും മുമ്പ്‌ തിരികെ നൽകാനോ മറ്റുലാബുകൾക്ക് കൈമാറി ഉപയോ​ഗിക്കാനോ ശ്രമിച്ചില്ലെന്നും വാര്‍ത്തയിൽ പറയുന്നത് തെറ്റാണ്. വിക്ടോറിയ ആശുപത്രിയിൽ അങ്ങനെയൊരു സംഭവമേയില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. 
ആശങ്കവേണ്ട 
ലബോറട്ടറിയിൽ ടെസ്റ്റ് നടത്താൻ ഉപയോ​ഗിക്കുന്ന രാസവസ്തുക്കളായ റീഎജന്റുകൾ മനുഷ്യശരീരത്തിൽ ഉപയോ​ഗിക്കുന്നവയല്ല. അടിയന്തരഘട്ടത്തിൽ കർശന ഗുണനിലവാര പരിശോധന നടത്തി ഫലം ശരിയാണെന്ന് ഉറപ്പാക്കി കാലാവധിയായ  റീഏജന്റുകൾ പരിശോധനയ്ക്ക് ഉപയോ​ഗിക്കുന്നത് ലാബുകളിലെ സാധാരണ രീതിയാണ്. റീഏജന്റുകളിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ മെഷീൻ ഇവ എടുക്കില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top