17 January Sunday
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

പുതിയ കോഴ്‌സുകൾക്ക്‌ നിർദേശവുമായി 5000 പേർ: ഡോ. മുബാറക്‌പാഷ

സ്വന്തം ലേഖകന്‍Updated: Sunday Dec 6, 2020
കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കേണ്ട ‌കോഴ്‌സുകൾക്ക്‌ പൊതുജനങ്ങളിൽനിന്ന്‌ അയ്യായിരത്തോളം പ്രതികരണങ്ങൾ ലഭിച്ചതായി വൈസ്‌ ചാൻസലർ മുബാറക്‌പാഷ പറഞ്ഞു. നിർദേശങ്ങളിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളാണ്‌ ഏറെയും‌. പാലിയറ്റീവ്‌ കെയർ, ആഭരണ നിർമാണം എന്നീ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. മറ്റു സർവകലാശാലകൾനിലവിൽ നടത്തുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകളെല്ലാം ഇവിടെ ലഭ്യമാകും. ‌ബിരുദം, ബിരുദാനന്തരം, ഡിപ്ലോമ, സർട്ടിഫിക്കറ്റ്‌ കോഴ്‌സുകൾ ‌എന്നിവ ഉണ്ടാകും. നിർദേശങ്ങൾകൂടി പരിഗണിച്ച്‌ കോഴ്‌സുകൾ നിർണയിക്കാനുള്ള പ്രക്രിയ ആരംഭിച്ചതായും വിസി ദേശാഭിമാനിയോട്‌ പറഞ്ഞു.
ജനപങ്കാളിത്തത്തോടെ ‌നയരേഖ തയ്യാറാക്കുന്നെന്ന പ്രത്യേകതകൂടി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിക്കുണ്ട്‌. പത്തു‌വർഷത്തേക്കുള്ളതാണ്‌ നയരേഖ. അധ്യാപകർക്കൊപ്പം സാങ്കേതികവിദഗ്‌ധർ, വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ, വിദ്യാർഥി സംഘടനാ പ്രതിനിധികൾ, സാധാരണ തൊഴിലാളികൾ എന്നിവരെ നയരേഖാ രൂപീകരണത്തിന്റെ ഭാഗമാക്കും. പ്ലാനിങ്‌‌ ബോർഡ്,  ഉന്നത വിദ്യാഭ്യാസ കൗൺസിൽ, അധ്യാപക സംഘടനകൾ, എന്നിവരുമായി ഇതിനകം ചർച്ച നടന്നു. എല്ലാത്തിനും സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്‌. 
യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക്‌ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. ഓരോ  കോഴ്‌സിന്റെയും ഘടന, പാഠ്യപദ്ധതി എന്നിവ തയ്യാറാക്കുന്നു. വിവര സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായ പഠന സാമഗ്രികൾക്കാണ്‌ മുൻഗണന.  നാലു റീജ്യണൽ കേന്ദ്രങ്ങൾക്ക്‌ രൂപമായി. തൃപ്പൂണിത്തുറ ഗവ.‌ സംസ്‌കൃത കോളേജ്‌, പട്ടാമ്പി ഗവ. സംസ്‌കൃത കോളേജ്‌, മീഞ്ചന്ത ഗവ. ആർട്‌സ്‌ കോളേജ്‌, കണ്ണൂർ ഗവ. വിമൻസ്‌ കോളേജ്‌ എന്നിവയാണ്‌ പരിഗണനയിലുള്ളത്‌. നിലവിലുള്ള അധ്യാപകർക്ക്‌ ഓപ്‌ഷൻ നൽകി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ഭാഗമാകാം. ഉന്നത വിദ്യാഭ്യാസ രംഗത്തെ വൈവിധ്യവൽ‌ക്കരിക്കുകയാണ്‌ അടിസ്ഥാനലക്ഷ്യം. മാനവികത, ലോജിക്‌ എന്നീ ഘടകങ്ങൾ പാഠ്യപദ്ധതിയിൽ നിർബന്ധിതവിഷയമാക്കും. ശ്രീനാരായണ ദർശനങ്ങൾ പരിപോഷിപ്പിക്കുന്ന കോഴ്‌സുകളും ഇതുമായി ബന്ധപ്പെട്ട ഗവേഷണസാധ്യതകളും   ഉൾപ്പെടുത്തും. പൗരാണിക നഗരമായ കൊല്ലത്തിന്റെ പൈത്യകവും മികവും കൗതുകകരമായ അനുഭവങ്ങളാക്കി സംരക്ഷിക്കുന്നതും യൂണിവേഴ്‌സിറ്റിയുടെ പരിഗണനയിലുണ്ട്‌. ഇതിന്റെ ഭാഗമായി ‌സാംസ്‌കാരിക മ്യൂസിയം ലക്ഷ്യമിടുന്നു. ദീർഘകാല പദ്ധതി യാഥാർഥ്യമാകുന്ന തരത്തിൽ തുറന്ന ചർച്ചയുണ്ടാകണം. ജനകീയ പങ്കാളിത്തത്തിലൂടെ ലോഗോ തയ്യാറാക്കി. ജനശാക്‌തീകരണത്തിലൂടെ യൂണിവേഴ്‌സിറ്റിയെ  പുതിയകാലഘട്ടത്തോട്‌ ചേർത്തുനിർത്തുമെന്ന്‌ ‌മുബാറക്‌പാഷ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top