കൊച്ചി
ട്രെയിനിൽ മുന്നിലെ സീറ്റിലേക്ക് കാൽ നീട്ടിയിരിക്കുന്നവരും സീറ്റും കൈപ്പിടിയും തകർക്കുന്നവരും സൂക്ഷിക്കുക. ബോർഡുകളിലെ അക്ഷരങ്ങൾ മായ്ച്ചാലും ശുചിമുറികളിലും മറ്റും അശ്ലീല സന്ദേശങ്ങളെഴുതിയാലും പിടിവീഴും. ട്രെയിനിലെ ‘തല്ലിപ്പൊളിക്കാരെ’ പൊക്കാൻ ഇനിമുതൽ രാത്രിയും പകലും റെയിൽവേ സംരക്ഷണ സേനയുടെ സ്പെഷ്യൽ സ്ക്വാഡ് ഉണ്ടാകും.
റെയിൽവേയുടെ സ്വത്തുക്കൾ സംരക്ഷിക്കാനും സുരക്ഷിത യാത്രയൊരുക്കാനും ലക്ഷ്യമിട്ടാണ് കോച്ചുകളിൽ സ്ക്വാഡിനെ വിന്യസിക്കുന്നത്.
കഴിഞ്ഞ 28ന് വേണാട് എക്സ്പ്രസിൽ നടന്ന അതിക്രമങ്ങളാണ് കർശന നടപടിയെടുക്കാൻ ആർപിഎഫിനെ പ്രേരിപ്പിച്ചത്. ജർമൻ സാങ്കേതിക വിദ്യയിൽ ഇന്ത്യൻ റെയിൽവേ നിർമിച്ച ലിങ്ക്ഹോഫ്മാൻബുഷ് (എൽഎച്ച്ബി) കോച്ചിലെ വിലകൂടിയ ലെതർ സീറ്റ് കുത്തിപ്പൊളിക്കുകയും സീറ്റിന്റെ ലിവർ ഒടിക്കുകയും ചെയ്തയാളെ ആർപിഎഫ് പിടികൂടിയിരുന്നു. സാങ്കേതിക മികവും സുഖപ്രദമായ യാത്രയും സമ്മാനിക്കുന്ന ഈ കോച്ച് ദിവസങ്ങൾക്ക് മുമ്പാണ് റെയിൽവേ പുറത്തിറക്കിയത്. കോഴിക്കോട് സ്വദേശിയായ ഇയാളെ എറണാകുളം നോർത്തിൽ എത്തിയപ്പോൾ ആർപിഎഫ് പിടികൂടി. 1,000 രൂപ പിഴയും ഈടാക്കി. യാത്രക്കാർക്ക് ശല്യമുണ്ടാക്കിയതിനും റെയിൽവേ സ്വത്തുക്കൾ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസം കോഴിക്കോട്–-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിൽ മുന്നിലിരിക്കുന്നയാളുടെ കഴുത്തിന് മുകളിലൂടെ കാൽ കയറ്റിവച്ച് ഒരാൾ യാത്ര ചെയ്തിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇക്കാര്യം ആർപിഎഫ് പരിശോധിച്ചു. റെയിൽവേ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും പൊതുസമൂഹത്തിന് മൊത്തം അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാൻ കർശന നടപടിയെടുക്കുമെന്നും ആർപിഎഫ് അസി. കമീഷണർ ടി എസ് ഗോപകുമാർ പറഞ്ഞു. പ്രധാനപ്പെട്ട എല്ലാ ട്രെയിനുകളിലും ശല്യക്കാരെ പിടികൂടാൻ സ്ക്വാഡ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിനുകളിലെ തല്ലിപ്പൊളിക്കാരെയും ശല്യക്കാരെയും പിടികൂടുന്നതിന് 182 എന്ന ഹെൽപ് ലൈനും ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..