17 January Friday
കൊല്ലം മാലിന്യമുക്ത നഗരമാകും

കോർപറേഷൻ പണി തുടങ്ങി

സ്വന്തം ലേഖകന്‍Updated: Thursday Dec 5, 2019

കടപ്പാക്കട മാർക്കറ്റിനു സമീപം നിർമിച്ച തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്ലാന്റ്‌

കൊല്ലം
കൊല്ലത്തെ മാലിന്യമുക്ത നഗരമാക്കുന്നതിന്‌ കോർപറേഷൻ പ്രഖ്യാപിച്ചതെല്ലാം ചെയ്‌തുതുടങ്ങി. കൃത്യമായ ആസൂത്രണത്തിലൂടെ ജനകീയ കൂട്ടായ്മയിലാണ് ബൃഹത് പദ്ധതി  നടപ്പിലാക്കുന്നത്. വിശദമായ പ്രോജക്ട് റിപ്പോർട്ട് ശുചിത്വമിഷന് സമർപ്പിച്ചു. ഫണ്ടും ലഭ്യമായി. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന പദ്ധതികളാണ് ആസൂത്രണംചെയ്തിരിക്കുന്നത്. വീടുകളിൽ ബയോകമ്പോസ്റ്റുകളും തുമ്പൂർമുഴി മോഡൽ സംസ്കരണ പ്ലാന്റുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് പ്രത്യേകം പ്ലാന്റുകൾ ഉണ്ടാകും.
പ്ലാസ്റ്റിക് ശേഖരിക്കാൻ കിയോസ്‌കുകൾ
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഓരോ ഡിവിഷനിലും അഞ്ച്‌ കിയോസ്‌കുകൾ വീതം മൂന്നു മാസത്തിനകം സ്ഥാപിക്കും. ഇതിന് പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവ. അംഗീകൃത ഏജൻസിയായ ഐആർടിസിയുമായി കരാറായി.  കിയോസ്‌കിൽ നിക്ഷേപിക്കുന്ന അജൈവ മാലിന്യങ്ങൾ ഹരിത കർമസേന ശേഖരിക്കും. തുടർന്ന്‌  റീ സൈക്ലിങ്‌ നടത്തി റോഡ് നിർമാണത്തിനും മറ്റുമായി ലേലംചെയ്ത് നൽകും. 
ജൈവ മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതിന് 16 കേന്ദ്രങ്ങളിൽ കൂടി തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ആറു  കേന്ദ്രങ്ങളിൽ നിർമാണം പൂർത്തിയായി. നേരത്തെ 13 കേന്ദ്രങ്ങളിൽ പ്ലാന്റുകൾ സ്ഥാപിച്ച്‌ പ്രവർത്തനം ആരംഭിച്ചിരുന്നു. ഇരവിപുരത്ത് മൂന്നു പ്ലാന്റുകളാണ് പൂർത്തിയായത്.
ബയോ കമ്പോസ്റ്റുകൾ
വീടുകളിലെ ജൈവ മാലിന്യങ്ങൾ വഴിയിൽ തള്ളാതെ പുരയിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് ബയോ കമ്പോസ്റ്റുകൾ. 1800 രൂപ വിലയുള്ള ബയോ കമ്പോസ്റ്റ്‌ വെറും 180 രൂപയ്ക്ക്‌ 90 ശതമാനം സബ്സിഡി നിരക്കിലാണ് കോർപറേഷൻ വിതരണംചെയ്യുന്നത്. 
ബയോ കമ്പോസ്റ്റിനൊപ്പം ചകിരിച്ചോറും ഇനോക്കുലവും ചേർന്ന 10 കിലോ മിശ്രിതവും ലഭിക്കും. ഉപയോഗിക്കുന്ന രീതിയെ സംബന്ധിച്ച വിശദാംശങ്ങളും ലഭ്യമാണ്. ഈ വർഷം 500, അടുത്ത വർഷം 500 എന്ന ക്രമത്തിൽ ഒരു ഡിവിഷനിൽ 1000 ബയോ കമ്പോസ്റ്റുകൾ വിതരണംചെയ്യും. കൗൺസിലർമാർ വഴി ആധാർ കാർഡ്‌, വീട്ടുകരം അടച്ചതിന്റെ കോപ്പി എന്നിവ സഹിതം 180 രൂപയുമായി അപേക്ഷ നൽകണം.
ബയോ കമ്പോസ്റ്റുകൾ എല്ലാ വീടുകളിലും എത്തിക്കുന്നതിന് റസിഡൻസ് അസോസിയേഷന്റെയും സന്നദ്ധ പ്രവർത്തകരുടെ സജീവ ഇടപെടലിനായി എല്ലാ ഡിവിഷനുകളിലും ജനകീയ കൺവൻഷനുകൾ പൂർത്തിയായി. 
പ്രവർത്തനങ്ങൾ സജീവമായതോടെ പല ഡിവിഷനുകളിൽനിന്നും നൂറുകണക്കിന് അപേക്ഷകളാണ് ബയോ കമ്പോസ്റ്റിനായി ലഭിച്ചത്. കുരീപ്പുഴയിൽ ഏഴര ഏക്കർ സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ കേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റും സ്ഥാപിക്കും. ഇതിന്റെ പദ്ധതി പൂർത്തിയായി വരുന്നു.
പ്രധാന വാർത്തകൾ
 Top