21 October Monday
പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പ്‌

എൽഡിഎഫിന്‌ നേട്ടം യുഡിഎഫിന്‌ നഷ്ടം

സ്വന്തം ലേഖകന്‍Updated: Thursday Sep 5, 2019

 

 
കൊല്ലം
ജില്ലയിൽ രണ്ട്‌ പഞ്ചായത്ത്‌ വാർഡുകളിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നപ്പോൾ കുളക്കട പഞ്ചായത്തിലെ നാലാംവാർഡ്‌ യുഡിഎഫിന്‌ നഷ്ടപ്പെട്ടു. മൂന്നുതവണയായി യുഡിഎഫ് വിജയിച്ച  മലപ്പാറയിൽ ചരിത്രഭൂരിപക്ഷത്തോടെ എൽഡിഎഫ്  വിജയിച്ചു.  
കുണ്ടറ പഞ്ചായത്തിലെ പത്താംവാർഡിൽ യുഡിഎഫ്‌ വിജയിച്ചു.  ഇരുവാർഡുകളിലും  പഞ്ചായത്തംഗങ്ങളുടെ മരണത്തെ തുടർന്നായിരുന്നു ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ്‌ നടന്നത്‌. 
കുളക്കട പഞ്ചായത്ത്‌ 
കുളക്കട പഞ്ചായത്തിലെ വാർഡ്‌ നാലിൽ (മലപ്പാറ) എൽഡിഎഫ് സ്ഥാനാർഥി  സിപിഐ എം മലപ്പാറ ബ്രാഞ്ച്അംഗം സുനിൽകുമാർ  198 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ യുഡിഎഫ്‌ 61 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ജയിച്ച വാർഡാണിത്‌. 
സുനിൽകുമാർ–-  566, തങ്കമ്മ ഗോപി (കോൺഗ്രസ്‌)–- 368, സിന്ധു (ബിജെപി)–-  129  എന്നിങ്ങനെയാണ്‌ വോട്ടുനില. പഞ്ചായത്ത്‌ അംഗമായിരുന്ന ഗോപിയുടെ ഭാര്യയാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥി തങ്കമ്മ. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഈ  ബൂത്തിൽ 105 വോട്ട് ഭൂരിപക്ഷവും യുഡിഎഫ് നേടി. കൊടിക്കുന്നിൽ സുരേഷ് എംപിയാണ്‌ യുഡിഎഫ്‌ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്‌.  
യുഡിഎഫ്  വിജയിച്ചപ്പോഴൊന്നും  ലഭിക്കാത്ത ഭൂരിപക്ഷമാണ് എൽഡിഎഫിന്‌  സ്ഥാനാർഥിക്ക് ഇപ്പോൾ ലഭിച്ചത്. ബിജെപി വോട്ടുകളിലും  വിള്ളലുണ്ടായി. കഴിഞ്ഞ തവണ ബിജെപിക്ക്‌  170 വോട്ട് കിട്ടിയിരുന്നു.   
 കുണ്ടറ പഞ്ചായത്ത്‌ 
കുണ്ടറ പഞ്ചായത്തിലെ നാലാം വാർഡിൽ (റോഡുകടവ്) ആർഎസ്‌പിയിലെ അനിൽകുമാർ (യുഡിഎഫ്‌) വിജയിച്ചു. 104 വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്‌.  അനിൽകുമാർ–-  295,  സിപിഐ എമ്മിലെ ജിജി റോയി (എൽഡിഎഫ്‌)–-  191 ,  റാബുജി (സ്വതന്ത്രൻ)–- 184  എന്നിങ്ങനെയാണ്‌ വോട്ടുനില. സ്വതന്ത്രഅംഗമായിരുന്ന റുഡോൾഫ് ആന്റണിയുടെ മരണത്തെതുടർന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്  നടന്നത്. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോൺ ആയിരുന്നു റുഡോൾഫ് ആന്റണിയുടെ മുഖ്യഎതിരാളി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നാരായണൻ മൂന്നാം സ്ഥാനത്തായിരുന്നു. 14 അംഗ  ഭരണസമിതിയിൽ എൽഡിഎഫിന് ആറും യുഡിഎഫിന് അഞ്ചും അംഗങ്ങളുമാണുണ്ടായിരുന്നത്‌.  സ്വതന്ത്രഅംഗമായിരുന്ന റുഡോൾഫ്  യുഡിഎഫിനെ പിന്തുണച്ചു. 
 ബിജെപിക്ക് രണ്ടംഗങ്ങളുണ്ട്.  പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യവോട്ട് ലഭിച്ചതോടെ നടന്ന നറുക്കെടുപ്പിൽ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിൽ എൽഡിഎഫിനായിരുന്നു.
 ഉപതെരഞ്ഞെടുപ്പോടെ എൽഡിഎഫ്‌–- യുഡിഎഫ്‌ അംഗബലം തുല്യമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top