24 October Thursday
കടയിൽനിന്ന്‌ പണം തട്ടാൻ ശ്രമം

ഇറാന്‍ സംഘത്തിന്‌ തീവ്രവാദ ബന്ധമെന്ന് സംശയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

 

കുണ്ടറ 
വ്യാപാര സ്ഥാപനത്തിൽനിന്ന്‌ പണവുമായി കടക്കാൻ ശ്രമിച്ച്‌ പിടിയിലായ ഇറാൻ സ്വദേശികൾക്ക്‌ തീവ്രവാദ ബന്ധമെന്ന്‌ സംശയം. കഴിഞ്ഞ ദിവസം ചന്ദനത്തോപ്പിലെ യാസിം ട്രേഡേഴ്സ് എന്ന കടയിൽനിന്ന്‌ ഇന്ത്യൻ കറൻസി കാണാനെന്ന വ്യാജേന വാങ്ങി തട്ടിപ്പിനു ശ്രമിച്ച ദമ്പതികളായ ആമിർ കാമ്യാബി (27), നസറിൻ കാമ്യാർ (20) എന്നിവരാണ് പിടിയിലായത്. ഇവരുടെ യാത്രാ രേഖകളിൽനിന്ന്‌ പാക് ബന്ധത്തിനുള്ള സൂചന പൊലീസിനു ലഭിച്ചു.  
 ദമ്പതികൾക്ക്‌ ഒപ്പമുണ്ടായിരുന്നവർ നേപ്പാൾവഴി പാകിസ്ഥാനിലേക്ക് കടന്നതായാണ് പൊലിസ് സംശയിക്കുന്നത്. ഇറാൻ സ്വദേശികളായ ആറംഗസംഘം ഇന്ത്യയിലെത്തിയത് ഡൽഹി എയർപോർട്ട്‌ വഴിയാണ്‌. ഇവിടെനിന്ന് ചെന്നൈയിൽ എത്തിയശേഷമാണ് കേരളത്തിലേക്കുവന്നത്. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ദമ്പതികളെ ചോദ്യംചെയ്തു. 
സംഘത്തിലെ രണ്ടുപേർ പിടിയിലായതോടെ മറ്റു നാലുപേർ നേപ്പാൾ വഴി പാകിസ്ഥാനിലേക്ക് കടന്നതായാണ് അന്വേഷണസംഘം കരുതുന്നത്. ചന്ദനത്തോപ്പിൽ തട്ടിപ്പിനു ശ്രമിച്ച യാസിം ട്രേഡേഴ്‌സിലും സമീപത്ത് ഇവർ കയറിയ കടയിലും കൊല്ലത്ത് താമസിച്ച ലോഡ്‌ജിലും പ്രതികളുമായി പൊലീസ്‌ തെളിവെടുത്തു. 
വ്യാഴാഴ്ച ഇരുവരെയും തിരുവന്തപുരം പൊലീസിന് കൈമാറും. ഇറാൻ എംബസിയുമായും അന്വേഷണസംഘം ബന്ധപ്പെടും.  കുണ്ടറയിലേതിനു സമാനമായി പത്തനംതിട്ടയിലും സംഘം തട്ടിപ്പുനടത്തിയതായി പൊലീസിനു വിവരം ലഭിച്ചു.
പ്രധാന വാർത്തകൾ
 Top