23 September Wednesday
പ്രത്യേക സംഘത്തിന്‌‌ രൂപംനൽകി

കണ്ണി പൊട്ടിക്കാൻ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

ജില്ലയുടെ കോവിഡ് നിയന്ത്രണച്ചുമതലയുള്ള ഐജി ഹർഷിത അട്ടല്ലൂരി പുന്തലത്താഴത്ത് സന്ദർശനം നടത്തുന്നു

 സ്വന്തം ലേഖകൻ

കൊല്ലം
കോവിഡ്‌ നിയന്ത്രണം ലംഘിക്കുന്നവർക്ക്‌ ലോക്കിടാൻ‌ കൂടുതൽ ശക്തമായ നടപടിയുമായി പൊലീസ്‌. സമ്പർക്കപ്പട്ടികയിലുള്ളവരുടെ ക്വാറന്റൈൻ ലംഘനം പരിശോധിക്കാൻ ജില്ലയിലെ എല്ലാ പൊലീസ്‌ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും ചൊവ്വാഴ്ച പ്രത്യേക ടീമിന്‌ രൂപംനൽകി. 
ഒരു എസ്‌ഐയും മൂന്ന്‌ പൊലീസുകാരും അടങ്ങുന്നതാണ്‌ ടീം. ഏകോപനത്തിന്‌ സിറ്റിയിൽ അഡീഷണൽ ഡിസിപി ജോസി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലാ കോവിഡ്‌ പ്രതിരോധ പൊലീസ്‌ കൺട്രോൾ റൂം തുറന്നു. പൊലീസ്‌ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ടീം ശേഖരിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂമിന്‌ കൈമാറും. ഇത്‌‌ ഡിഎംഒ ഉൾപ്പെടുന്ന ജില്ലയിലെ ആരോഗ്യവകുപ്പ്‌ അധികൃതരുമായി ചർച്ചനടത്തും. എവിടൊക്കെ ഇടപെടൽ വേണമെന്ന കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ ടി നാരായണൻ പറഞ്ഞു. 
പ്രൈമറി, സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉള്ളവർ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്ന്‌ പരിശോധിക്കാൻ ജനമൈത്രി പൊലീസിന്റെ സേവനവും ഉറപ്പാക്കും. കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനയാത്രക്കാരെയും വ്യാപാരികളെയും കണ്ടെത്താൻ ചൊവ്വാഴ്ച പൊലീസിന്റെ പ്രത്യേക പരിശോധന നടന്നു. 
സമൂഹ അകലം ഉറപ്പാക്കാത്ത വ്യാപാരികളിൽനിന്ന് ഫൈൻ ഈടാക്കും. തുടർന്നാൽ ലൈസൻസും റദ്ദുചെയ്യും. ഇതേ നടപടിയാകും വാഹനങ്ങളുടെ കാര്യത്തിലും സ്വീകരിക്കുക. കണ്ടെയ്‌ന്‍മെന്റ്‌ സോണുകളിലെ നിയന്ത്രണത്തിൽ ഒരിളവും വരുത്തില്ല. പൊതുനിരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ആവശ്യങ്ങൾക്ക്‌ മാത്രമേ ആളുകൾ പുറത്തിറങ്ങുന്നുള്ളൂവെന്ന്‌ പൊലീസ്‌ ഉറപ്പുവരുത്തണമെന്നും എസ്‌പി കർശന നിർദേശം 
നൽകിയിട്ടുണ്ട്‌.  
നിയന്ത്രണം ലംഘിച്ചാൽ ബോട്ടുടമ കുടുങ്ങും   
തീരദേശമേഖലകളിൽ മത്സ്യബന്ധന ബോട്ടുകളിലും താമസസ്ഥലങ്ങളിലും തമിഴ്‌നാട്ടിൽനിന്നും തൊഴിലാളികളെ കൊണ്ടുവന്ന്‌ പാർപ്പിക്കുന്നത്‌ നിയന്ത്രണങ്ങൾക്ക്‌ വിധേയമായാണെന്ന്‌ ഉറപ്പുവരുത്തുമെന്ന്‌ എസ്‌പി. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതാണ്‌. താമസസ്ഥലം ആരോഗ്യപ്രവർത്തകർ പരിശോധിക്കുന്നുണ്ട്‌. പൊലീസിന്റെ ഇടപെടൽ ശക്തമാക്കും. തമിഴ്‌നാട്ടിൽ നിന്നെത്തിക്കുന്ന തൊഴിലാളികളെ കൃത്യമായി 14 ദിവസം ക്വാറന്റൈനിൽ പാർപ്പിക്കണം. അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കുറ്റകരമായി തൊഴിലാളികളെ പാർപ്പിച്ചാൽ ബോട്ടുടമകൾക്കെതിരെ കർശന നടപടിയെടുക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top