11 August Thursday

സ്മാര്‍ട്ടാകാൻ 
ഹരിതമിത്രം ആപ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
കൊല്ലം
തദ്ദേശ സ്ഥാപനങ്ങൾ ഹരിതകർമസേന വഴി നടപ്പാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പ്രവർത്തനങ്ങൾ സ്മാർട്ടാകുന്നു. ഇതിനായുള്ള ശുചിത്വമിഷന്റെ ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ (സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം) ഉപയോ​ഗിക്കാൻ ജില്ലയിൽ 32 തദ്ദേശ സ്ഥാപനങ്ങൾ സജ്ജമായി. ഫീൽഡുതല പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും മൊബൈൽ ഫോണുകൾ, മോണിറ്ററിങ്‌ സെന്ററുകൾക്കുള്ള ലാപ്‌ടോപ് തുടങ്ങിയവ ലഭ്യമാക്കി. 
ഹരിതകർമ സേനാംഗം ഒരു വീട്ടിൽനിന്ന്‌ ശേഖരിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ്‌, യൂസർകീ എന്നീ വിവരങ്ങൾ ആപ് വഴി ലഭ്യമാക്കും. വീടുകളിലുള്ളവർക്കും ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു വിവരങ്ങൾ അറിയാം. ജില്ലയിൽ കൊല്ലം കോർപറേഷൻ, കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര, പരവൂർ മുനിസിപ്പാലിറ്റികളും അലയമൺ, ചിറക്കര, ഇടമുളയ്ക്കൽ, ഇളമ്പള്ളൂർ, എഴുകോൺ, ഇട്ടിവ, കടയ്ക്കൽ, കല്ലുവാതുക്കൽ, കുളക്കട, മയ്യനാട്, മൈനാഗപ്പള്ളി, നെടുമ്പന, ഓച്ചിറ, പനയം, പെരിനാട്, പിറവന്തൂർ, പൂതക്കുളം, പൂയപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, തഴവ, തേവലക്കര, തൃക്കോവിൽവട്ടം, ഉമ്മന്നൂർ, വെളിയം, വെട്ടിക്കവല, ഏരൂർ പഞ്ചായത്തുമാണ് ഒന്നാംഘട്ടത്തിൽ പദ്ധതിക്കായി സജ്ജമായിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, വ്യാപാരി –-വ്യവസായ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർക്കുള്ള പരിശീലനം വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പൂർത്തിയാകുകയാണ്. ചൊവ്വാഴ്ച തേവലക്കര, ഇടമുളയ്ക്കൽ പഞ്ചായത്തിലാണ് പരിശീലനം. ശുചിത്വമിഷൻ, കില, കെൽട്രോൺ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഹരിതമിത്രം സ്മാർട്ട് പദ്ധതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top