13 May Thursday

അലകടലായ്‌ ഒഴുകി...

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

കൊല്ലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അഷ്ടമുടിക്കായലില്‍ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ കായല്‍ റാലി

സ്വന്തം ലേഖകന്‍
കൊല്ലം
ഗ്രാമ–-നഗര വഴികളെ ഒരുമാസക്കാലം ചുട്ടുപൊള്ളിച്ച, മണ്ണിലും വിണ്ണിലും ആവേശാരവങ്ങൾ തീർത്ത തെരഞ്ഞെടുപ്പ്‌ പ്രചാരണമഴ പെയ്‌തുതോർന്നു‌. വീറും വാശിയും നിറഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന്‌‌ ഞായറാഴ്‌ച രാത്രി ഏഴോടെയാണ്‌ പര്യവസാനമായത്‌. എങ്ങും അലകടലായി ജനം ഒഴൂകി.
കൊട്ടിക്കലാശമില്ലാത്തതിനാൽ സ്ഥാനാർഥികൾ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ തുറന്ന വാഹനങ്ങളിൽ റോഡ്‌ ഷോ നടത്തി. വാഹനങ്ങളിൽ അകമ്പടിയേകിയും കൂറ്റൻ പതാകകൾ ഉയർത്തി വീശിയും പ്രവർത്തകർ കളം നിറഞ്ഞപ്പോൾ പ്രചാരണ ആവേശം കൊട്ടിക്കയറി. മുദ്രാവാക്യം വിളികളുടെ അലയൊലികളിൽ തെരുവുകൾ മുഖരിതമായി. 
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതു മുതൽ തലങ്ങും വിലങ്ങും പായുന്ന പ്രചാരണ വാഹനങ്ങളും ഞായറാഴ്‌ച രാത്രിയോടെ സഡൻ ബ്രേക്കിട്ടു. സ്ഥാനാർഥി നിർണയം പൂർത്തിയായതു മുതൽ ബഹുവർണ ചിത്രങ്ങളും രസികൻ പ്രചാരണ ഗാനങ്ങളും ഹിറ്റായ പ്രസംഗശകലങ്ങളുമായി നാട്ടിലും നഗരത്തിലും ആവേശം തീർക്കുകയായിരുന്നു ഇവ.
പരസ്യപ്രചാരണത്തിന്റെ അവസാനനാളിലും വോട്ടുറപ്പിക്കാൻ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാനാർഥികൾ ഓട്ടപ്രദക്ഷിണം നടത്തി. പര്യടനത്തിന്‌ ഇടയിൽ കാണാൻ വിട്ടുപോയവരെയും സുഹൃത്തുക്കളെയും കണ്ട്‌ പരിചയം പുതുക്കി. ഈസ്റ്റർ ദിനത്തിൽ വിശ്വാസികൾ എത്തുന്ന പള്ളികളും സ്ഥാനാർഥികൾ സന്ദർശിച്ചു.  
പ്രചാരണമേളം അവസാനിക്കുമ്പോൾ നാടിന്റെ പിന്തുണയിൽ ബഹുദൂരം മുന്നിലാണ്‌ എൽഡിഎഫ്‌. പ്രചാരണത്തിലെ മേൽക്കൈയും സർക്കാർ അനുകൂല വികാരവും പ്രചാരണവേളകളിൽ തുടർഭരണം വേണമെന്ന നാടിന്റെയാകെ ആവശ്യവും  എൽഡിഎഫിന്‌ കരുത്തുപകരുന്നു. സിപിഐ എം, സിപിഐ ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ യോഗങ്ങളും ആവേശം നിറച്ചു. ഇന്നസെന്റും ആസിഫ്‌ അലിയും ഇന്ദ്രൻസും ഉൾപ്പെടെയുള്ള ചലച്ചിത്രതാരങ്ങളും റോഡിലിറങ്ങി. എൽഡിഎഫ്‌ സ്ക്വാഡ്‌ പ്രവർത്തനവും കുടുംബയോഗങ്ങളും ലോക്കൽ റാലികളും യോഗങ്ങളും രംഗം സജീവമാക്കി. ജനങ്ങളുമായി സംവദിച്ചും സംശയങ്ങൾ ദുരീകരിച്ചും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുമായിരുന്നു‌ കുടുംബയോഗങ്ങൾ‌. അവസാനഘട്ട തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ ഊർജം പകർന്ന്‌ എൽഡിഎഫ്‌ നേതാക്കൾ നേരിട്ട്‌ വീടുകയറിയും വോട്ടഭ്യർഥിച്ചു‌. 
തിങ്കളാഴ്‌ച നിശബ്ദ പ്രചാരണത്തിനു ശേഷം ചൊവ്വാഴ്‌ച കേരളം വിധിയെഴുതും. നിശബ്ദ പ്രചാരണ ദിവസം പ്രവർത്തകർ വീടുകയറി വോട്ടർമാർക്ക്‌ സ്ലിപ്പ്‌ നൽകും. ഇരട്ടവോട്ട്‌ ആരോപണം ഉയർന്ന സാഹചര്യത്തിൽ വോട്ടർ പട്ടിക പരിശോധിച്ച്‌ സ്ലിപ്പ്‌ നൽകാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ജില്ലയിൽ 11 മണ്ഡലങ്ങളിലായി 21,35,830 വോട്ടർമാരാണുള്ളത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top