20 April Tuesday

സീറ്റ്‌ നൽകിയില്ലെങ്കിൽ ബിജെപിയിലേക്ക്‌ പോകാനൊരുങ്ങി പ്രയാർ

സ്വന്തം ലേഖകൻUpdated: Thursday Mar 4, 2021
കൊല്ലം> കോൺഗ്രസ്‌ സീറ്റ്‌ നൽകിയില്ലെങ്കിൽ ബിജെപിയിൽ ചേക്കേറാനൊരുങ്ങി മുൻ എംഎൽഎയും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗവുമായ പ്രയാർ ഗോപാലകൃഷ്‌ണൻ. ഇതുസംബന്ധിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായി പ്രയാർ രഹസ്യചർച്ച നടത്തി.
 
പ്രയാർ ചടയമംഗലം മുൻ എംഎൽഎയും തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റും  മിൽമ മുൻ ചെയർമാനുമാണ്‌. പ്രയാറിനെ ബിജെപിയിൽ എത്തിക്കാനുള്ള ചർച്ചയുടെ ഇടനിലക്കാരനായത്‌ നേരത്തെ കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ്‌ രാമൻനായരാണ്.‌ ബിജെപി സംസ്ഥാന നേതൃത്വം നേരിട്ടാണ്‌ ചർച്ചനടത്തിയത്‌.
 
ബിജെപിയിൽ ചേർന്നാൽ കൊല്ലത്തോ കൊട്ടാരക്കരയിലോ സ്ഥാനാർഥിത്വവും പാർടിയിൽ ഉയർന്ന പദവിയുമാണ്‌ വാഗ്‌ദാനമെന്ന്‌ അറിയുന്നു. കൊല്ലത്ത്‌ അഞ്ചിനെത്തുന്ന വിജയയാത്രയിൽ പ്രയാറിനെ  ബിജെപിയിലേക്ക്‌  സ്വീകരിക്കാനാണ്‌ സുരേന്ദ്രന്റെയും കൂട്ടരുടെയും നീക്കം‌. എന്നാൽ, കെപിസിസി സ്ഥാനാർഥി ലിസ്‌റ്റ്‌ വന്നശേഷം നിലപാട്‌ പ്രഖ്യാപിക്കാമെന്ന്‌‌ പ്രയാർ ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ്‌ സൂചന‌.
 
സീറ്റ്‌ ഇല്ലെങ്കിൽ മറ്റ്‌ പദവികൾ കോൺഗ്രസ്‌ നേതൃത്വം വാഗ്‌ദാനം ചെയ്യുമെന്നും പ്രയാർ പ്രതീക്ഷിക്കുന്നു. കോൺഗ്രസ്‌ നേതൃത്വം ചടയമംഗലം സീറ്റ്‌ നൽകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പ്രയാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.  യുഡിഎഫ്‌ അധികാരത്തിൽ വന്നാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ സ്ഥാനവും പ്രയാർ നോട്ടമിടുന്നു.
 
പ്രയാറിനെ ബിജെപിയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ശബരിമല വിഷയത്തിൽ  പ്രയാറിന്റെ പ്രസ്‌താവനകൾ സംഘപരിവാർ നേതാക്കളുടേതിന്‌ സമാനമായിരുന്നു. എന്നാൽ, അന്നൊക്കെ കോൺഗ്രസ്‌ നേതാക്കൾ ഇടപെട്ടാണ്‌ പ്രയാറിന്റെ ബിജെപി പ്രവേശം തടഞ്ഞത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top