26 September Saturday
യോഗം വിളിക്കാൻ ബിന്ദുകൃഷ്ണയ്ക്ക് അധികാരമില്ല

എ എ റഹീമിന്റെ പേര് ഒഴിവാക്കിയത്‌ കോൺഗ്രസിൽ വിവാദം

സ്വന്തം ലേഖകന്‍Updated: Monday Aug 3, 2020
കൊല്ലം
മുൻ കേന്ദ്രമന്ത്രിയും കൊല്ലത്ത്‌ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് അടിത്തറപാകിയവരിൽ പ്രധാനിയുമായ എ എ റഹീമിന്റെ പേര് ഡിസിസി ഓഫീസ്‌ കെട്ടിടത്തിൽ‌ വേണ്ടെന്നു‌ തീരുമാനിച്ച  പ്രിസഡന്റ്‌ ബിന്ദുകൃഷ്‌ണയുടെ നിലപാട്‌ വിവാദത്തിലേക്ക്‌. 
തീരുമാനം അറിയിക്കാൻ ശനിയാഴ്ച ഡിസിസി ഓഫീസിൽ ബിന്ദുകൃഷ്‌ണ വിളിച്ച യോഗം സംഘടനാവിരുദ്ധമെന്ന്‌ ചുണ്ടിക്കാട്ടി വിവിധ മേഖലയിലുള്ളവർ രംഗത്തുവന്നു.മുൻ ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ എന്നിവരുടെ യോഗമാണ്‌ ബിന്ദുകൃഷ്‌ണ വിളിച്ചത്‌. ‌ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ സി ആർ മഹേഷ്, ജ്യോതികുമാർ ചാമക്കാല എന്നിവർ പങ്കെടുത്ത യോഗത്തിൽനിന്ന്‌ ജില്ലയിലെ മുതിർന്ന നേതാവായ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ശൂരനാട്‌ രാജശേഖരൻ വിട്ടുനിന്നു.കെപിസിസി ഭാരവാഹികളുടെ യോഗം വിളിക്കാൻ ഡിസിസി പ്രസിഡന്റിന് എന്താണ്‌ അധികാരമെന്ന്‌ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അനൂപ് നെടുമ്പന, കെപിസിസി മൈനോറിറ്റി സെൽ ജില്ലാ ജനറൽ സെക്രട്ടറി മുബാറക്ക്‌ എന്നിവർ പ്രസ്താവനയിൽ ചോദിച്ചു. 
മുതിർന്ന നേതാക്കളുടെ യോഗമെങ്കിൽ ഉപദേശം കേൾക്കാം. പക്ഷേ, തീരുമാനം ഡിസിസിയുടേത് ആകണമെന്നും ഡിസിസിയുടെ പരമോന്നത സമിതി  ജനറൽബോഡിയാണെന്നും പ്രസ്താവനയിൽ പറയുന്നു.  ഉദ്ഘാടനത്തിനു സജ്ജമായ ഡിസിസി ഓഫീസ്‌ കെട്ടിടത്തിൽനിന്ന് എ എ റഹീമിന്റെ പേര് ഒഴിവാക്കാൻ ബിന്ദുകൃഷ്‌ണ തീരുമാനിക്കുകയായിരുന്നു.
തീരുമാനം ഏകപക്ഷീയമാണെന്നും കെപിസിസി ഇടപെടണമെന്നും ശൂരനാട് രാജശേഖരൻ ഉൾപ്പെടെ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പേര് ഒഴിവാക്കിയതിനെതിരെ റഹീമിന്റെ കുടുംബവും രംഗത്ത്‌ വന്നിട്ടുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top