23 September Wednesday
ഒരു കുടുംബത്തിലെ മൂന്നുപേർക്ക്‌ കോവിഡ്‌

പത്തനാപുരത്ത്‌ കര്‍ശന നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020
പത്തനാപുരം
ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പത്തനാപുരം പഞ്ചായത്തില്‍ നിയന്ത്രണം കർശനമാക്കി. 
കുണ്ടയത്ത്‌ മുമ്പ്‌ രോഗം സ്ഥിരീകരിച്ചയാളുടെ മരുമകള്‍ക്കും, കൊച്ചുമക്കള്‍ക്കുമാണ് ഞായറാഴ്ച കോവിഡ് പോസിറ്റീവായത്‌. വിദേശത്തു നിന്നെത്തി നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സമ്പര്‍ക്കത്തിലൂടെ ജൂലൈ 27നാണ്‌ ഇയാൾക്ക്‌ ‌കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന മരുമകളും ഏഴും പതിമൂന്നും വയസ്സുള്ള കൊച്ചുമക്കളും ഗൃഹനിരീക്ഷണത്തിലായിരുന്നു. ഞായറാഴ്‌ച ഇവരുടെ സ്രവപരിശോധന ഫലം പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 
കുണ്ടയത്ത് ഡ്രൈവര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിൽ കുണ്ടയം, കാരംമൂട്, മൂലക്കട വാര്‍ഡുകള്‍ക്ക് പുറമെ മാര്‍ക്കറ്റ് വാര്‍ഡും കണ്ടെയ്ൻമെന്റ് സോണിലാണ്‌. ഇവിടേക്കുള്ള റോഡുകള്‍ അടച്ചു. കുഴവക്കാട്, മഞ്ചള്ളൂല്‍, കുണ്ടയം പാലം തുടങ്ങിയ മേഖലകളില്‍ പരിശോധന കര്‍ശനമാക്കി. അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കുമെന്ന് പത്തനാപുരം സി ഐ രാജീവ് പറഞ്ഞു. ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം തിങ്കളാഴ്‌ച ലഭിക്കും.
സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ട നൂറുപേരെ തിങ്കളാഴ്‌ച റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കും. കഴിഞ്ഞ നാലുദിവസമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വിളക്കുടി പഞ്ചായത്തിലും ഞായറാഴ്‌ച ഒരാൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിളക്കുടി പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണായി തുടരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top