07 August Friday

കടപ്പാക്കടയിൽ ഉയരും ഹൈടെക് മാര്‍ക്കറ്റ്

സ്വന്തം ലേഖകന്‍Updated: Friday Jul 3, 2020
കൊല്ലം
കടപ്പാക്കടയിൽ ആധുനിക ഹൈടെക് മത്സ്യമാർക്കറ്റിന്റെ നിർമാണം ഉടൻ ആരംഭിക്കും. ഒന്നരക്കോടി രൂപയുടെ കിഫ്ബി ഫണ്ട് ലഭ്യമാക്കിയാണ് പദ്ധതി. പദ്ധതിക്ക്‌ കിഫ്ബി അംഗീകാരം നൽകി. ഫിഷറീസ് വകുപ്പ് നേരത്തെതന്നെ പദ്ധതിത്തുക ചെലവഴിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് 65 മാർക്കറ്റാണ് 193 കോടി രൂപ ചെലവിൽ നവീകരിക്കുന്നതിന്‌ തെരഞ്ഞെടുത്തതെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു.
518 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ അർധവൃത്താകൃതിയിലുള്ള മനോഹരമായ മാർക്കറ്റ് കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്.  ആധുനിക രീതിയിൽ നിർമിക്കുന്ന പ്രസ്തുത കെട്ടിടം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ബുച്ചർ സ്റ്റാളുകൾ, കോൾഡ് സ്റ്റോറേജ് സംവിധാനം, പ്രിപ്പറേഷൻ മുറി, ശുചിമുറി, ലോഡിങ്‌ സംവിധാനം എന്നിവയുണ്ടാകും.
സ്റ്റെയിൻലെസ് സ്റ്റീലിൽ തീർത്ത ഡിസ്‌പ്ലേ ടേബിളുകൾ, സ്റ്റീൽ സിങ്കുകൾ എന്നിവ ഓരോ മത്സ്യസ്റ്റാളിലുമുണ്ടാകും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുംവിധമാണ് മാർക്കറ്റിന്റെ രൂപകൽപ്പന. തറയിൽ ഈടുനിൽക്കുന്ന ഇൻഡസ്ട്രിയൽ ടൈലുകൾ പാകും. മലിനജലം കെട്ടിനിൽക്കാത്ത അഴുക്കുചാൽ സംവിധാനം, ഗുണമേന്മയുള്ള പ്ലംബിങ്‌ ഉൽപ്പന്നങ്ങളും മാർക്കറ്റിൽ ഉറപ്പുവരുത്തുന്നു.
മലിനജല സംസ്കരണ പ്ലാന്റും മാർക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള മത്സ്യമാർക്കറ്റ് സങ്കൽപ്പങ്ങളിൽനിന്ന്‌ തികച്ചും വ്യത്യസ്തമായാണ് കടപ്പാക്കട മത്സ്യമാർക്കറ്റിന്റെ രൂപകൽപ്പന. 
മത്സ്യത്തിന്റെയും മത്സ്യ ഉൽപ്പന്നങ്ങളുടെയും പരമ്പരാഗത വിപണന ശൈലിയിൽനിന്ന്‌ വ്യത്യസ്തമായി പുതുമയും ഗുണനിലവാരവുമുള്ള മത്സ്യം ‘റെഡി ടു കുക്ക്’ രൂപത്തിൽ ഗുണഭോക്താക്കൾക്ക് എത്തിക്കും. സംസ്ഥാന തീരദേശ വികസന ഏജൻസിയാണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്.  ആറുമാസത്തിനുള്ളിൽ  മാർക്കറ്റ് നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top