26 August Monday

സ്ഥാനമൊഴിഞ്ഞ കലക്ടര്‍ക്ക് സ്നേഹാദരവുമായി കടലിന്റെ മക്കള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
കൊല്ലം
ഓഖി കാലത്തും പ്രളയത്തിലും തങ്ങളുടെ നിഴലായിനിന്ന മനുഷ്യനെത്തേടി അവരെത്തി. കേരളത്തിന്റെ സൈന്യമെന്ന വിശേഷണത്തിന‌് അർഹമായ കടലിന്റെ മക്കളാണ് സ്ഥാനമൊഴിഞ്ഞ കലക്ടർ എസ് കാർത്തികേയന് സ്നേഹാദരങ്ങളുമായി എത്തിയത്. പത്തനംതിട്ടയിൽ പ്രളയത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ കൊല്ലം തീരത്തുനിന്ന് ആദ്യമായിപ്പോയ ഇൻഫന്റ് ജീസസ്, വിനിതാ മോൾ എന്നീ വള്ളങ്ങളിലെ തൊഴിലാളികൾ അടക്കമുള്ളവരാണ് ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എച്ച് ബേസിൽ ലാലിന്റെ നേതൃത്വത്തിൽ യാത്രാമൊഴി നൽകാൻ എത്തിയത്. രക്ഷാപ്രവർത്തനത്തിനു പോയ ജോസഫ് മിൽക്കാസ് വള്ളത്തിന്റെ ചെറുമാതൃക കലക്ടർക്ക് ഉപഹാരമായി നൽകി. 
ഞങ്ങളുടെ ഹൃദയത്തിലാണ് അങ്ങയുടെ സ്ഥാനമെന്ന‌് ഉപഹാരം കൈമാറിക്കൊണ്ട് ജോസഫ് പറഞ്ഞു. കൊല്ലത്തുനിന്നു പോയ വള്ളങ്ങളാണ് യഥാർഥത്തിൽ രക്ഷാദൗത്യം ചരിത്രവിജയമാക്കിയതെന്ന് എസ് കാർത്തികേയൻ പറഞ്ഞു.
തുടർന്ന് തന്നെ കാണാനെത്തിയ മത്സ്യത്തൊഴിലാളി ഫ്രെഡിയുടെ  മകൻ അബിക്ക് കലക്ടർ ഗിറ്റാർ കളിപ്പാട്ടം  സമ്മാനമായി നൽകി. കലക്ടറുടെ ക്യാമ്പ് ഓഫീസിൽ നടന്ന വികാരനിർഭരമായ  കൂട്ടായ്മയിൽ ബിജു സെബാസ്റ്റ്യൻ, റോയി, രാഹുൽ, പോൾ ഫ്രാൻസിസ്, മാജു, വർഗീസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top