15 December Sunday

ഡോക്ടർക്ക‌് ആദരവുമായി വിദ്യാർഥികൾ എത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019
കൊല്ലം
ഡോക്ടേഴ്സ് ദിനത്തിൽ മെഡിക്കൽ സൂപ്രണ്ടിന് ആദരവുമായി വിദ്യാർഥികൾ എത്തി‌.  ഡോക്ടേഴ്സ് ദിനമായി ആചരിക്കപ്പെടുന്ന ജൂലൈ ഒന്നിന് കൊല്ലം ഗവ. ടൗൺ യുപി സ്കൂളിലെ വിദ്യാർഥികളാണ് ഡോക്ടർമാർക്ക് ആദരവുമായി ജില്ലാ ആശുപത്രിയിൽ എത്തിയത്. ജില്ലാ ആശുപത്രി സൂപ്രണ്ടും ഫോറൻസിക് സർജനുമായ  വസന്ത്ദാസിനെ  അധ്യാപകൻ എ ഗ്രഡിസൺ  പൊന്നാടയണിയിച്ചു. പിടിഎ പ്രസിഡന്റ് ജെ ബിജുവും വിദ്യാർഥികളും ചേർന്ന് സ്കൂളിന്റെ ഉപഹാരം നൽകി. തുടർന്ന് ഡോക്ടറുടെ സർവീസ് ജീവതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു.  
ഒരു ഡോക്ടർ ആയിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ഏഴാം ക്ലാസുകാരി കാവേരിയുടെ ചോദ്യത്തിന‌്  നല്ല രാഷ്ട്രീയ പ്രവർത്തകൻ ആകുമായിരുന്നു എന്നായിരുന്നു ഉത്തരം.  പാർവതി പുത്തനാറിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ പിഞ്ചു കുട്ടികളുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവന്നത് മനസ്സിനെ ഏറെ വേദനിപ്പിച്ച അനുഭവമാണെന്ന‌് അദ്ദേഹം പറഞ്ഞു.  ഭാവിയിൽ ഡോക്ടർ, എൻജിനിയർ, കലക്ടർ, അധ്യാപകർ, പൈലറ്റ്,  എന്നിങ്ങനയൊക്കെ ആകാൻ ആഗ്രഹം പ്രകടിപ്പിച്ച കുട്ടികളോട് ആദ്യം  നല്ല മനുഷ്യരാകാൻ അദ്ദേഹം   ഉപദേശിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഡോ.അജിത, നേഴ്സുമാർ തുടങ്ങിയവരും മുഖാമുഖത്തിൽ പങ്കെടുത്തു.  
സ്വാതന്ത്ര്യസമരസേനാനിയും പ്രശസ്ത ഭിഷഗ്വരനും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ബി സി റോയിയുടെ ജന്മദിനവും ചരമദിനവുമായ ജൂലൈ ഒന്ന‌് ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നു.  ഇതിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപിക സാലി തോമസ്, അയിഷ പ്രഭാകരൻ, ജെ നീന തുടങ്ങിയവർ  നേതൃത്വം നൽകി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top