30 March Thursday
സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

കശുവണ്ടി മേഖലയിൽ 
കൂടുതൽ തൊഴിൽദിനം

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023
കൊല്ലം
അടച്ചുപൂട്ടിയ സ്വകാര്യ ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിച്ച് കശുവണ്ടി മേഖലയിൽ കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ഭൂമിയുടെ മേലുള്ള സമ്മർദം, ഭൂപരിധി നിയമങ്ങൾ മൂലമുള്ള നിയന്ത്രണങ്ങൾ, അണുബാധ രോഗങ്ങളുടെ ആധിക്യം, കർഷകർക്ക് മികച്ച സാമ്പത്തിക ലാഭം നൽകുന്ന മറ്റ് വിളകളുമായുള്ള മത്സരം എന്നിവയാണ് കേരളത്തിലെ കശുമാവ് കൃഷി നേരിടുന്ന വെല്ലുവിളികൾ. മത്സരവിലയിൽ അസംസ്കൃത കശുവണ്ടിയുടെ ആപേക്ഷിക ദൗർലഭ്യം, ഉയർന്ന സംസ്കരണച്ചെലവ്, ആധുനിക സംസ്കരണ സാങ്കേതികവിദ്യകളെ ആശ്രയിക്കൽ, മറ്റു രാജ്യങ്ങളിൽ/പ്രദേശങ്ങളിൽനിന്നുള്ള കടുത്ത മത്സരം എന്നിവയാണ് കേരളത്തിലെ കശുവണ്ടി സംസ്കരണം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. ഇത്തരം വെല്ലുവിളികൾ അഭിമുഖീകരിക്കും.
കേരളത്തിലെ കശുമാവ് കൃഷി ലാഭകരമായ സംരംഭമായി മാറുകയാണ്. സംസ്കരണത്തിലും മൂല്യവർധനയിലും ആധുനിക സാങ്കേതികവിദ്യകൾ അതിവേഗം സ്വീകരിക്കുക, സംസ്കരണച്ചെലവ് കുറയ്ക്കുക, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, കശുമാങ്ങയുടെ ഉപയോഗം ഉൾപ്പെടെയുള്ള കശുവണ്ടിയിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയിലാണ് കേരളത്തിലെ കശുവണ്ടി മേഖല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ‘കേരള കശുവണ്ടി'യുടെ തനതായ സ്വത്വം നിലനിർത്തുന്നതിന്‌ പുതിയ വിപണികളും വിപണനതന്ത്രങ്ങളും വികസിപ്പിക്കുന്നതിനുള്ള വലിയ ശ്രമങ്ങൾ ഭാവിയിൽ വ്യവസായത്തിന്റെ പുരോഗതിയെ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു. 
ലൈഫിൽ 26,955 വീട്‌
ലൈഫ് മിഷനിൽ 2022 ഒക്ടോബർ 31വരെ 26,955 വീടിന്റെ നിർമാണം ജില്ലയിൽ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ 3618 വീടും രണ്ടാംഘട്ടത്തിൽ 8483 വീടും നിർമിച്ചു. സ്ഥലവും വീടുമില്ലാത്ത ഗുണഭോക്താക്കളുടെ പുനരധിവാസം ലക്ഷ്യമിട്ട മൂന്നാം ഘട്ടത്തിൽ 2831 വീട്‌ പൂർത്തിയാക്കി. പിഎംഎവൈയു പദ്ധതിയിൽ 5960, പിഎംഎവൈ ആറിൽ 2065, പട്ടികജാതി വിഭാ​ഗക്കാർക്ക് 1986, പട്ടികവർ‌​ഗ വിഭാ​ഗത്തിൽ 152, ഫിഷറീസ് വകുപ്പ് 824, ന്യൂനപക്ഷ വകുപ്പ് 107, അഡീഷണൽ ലിസ്റ്റിൽ 929 പേർക്കും വീട് വച്ചുനൽകി.
ജില്ലയിൽ 
പ്രവാസികൾ കൂടി
കേരളത്തിലെ  പ്രവാസികളുടെ എണ്ണം 2013ൽ 24 ലക്ഷമായിരുന്നെങ്കിൽ 2018ൽ 21 ലക്ഷമായി കുറഞ്ഞു. കൊല്ലം, വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ പ്രവാസികളുടെ എണ്ണം വർധിക്കുന്നു. കൊല്ലത്ത് 2013ൽ 1,99,933 പേരാണ് പ്രവാസികളായിട്ട്‌ ഉണ്ടായിരുന്നതെങ്കിൽ 2018ൽ ഇത് 2,40,527 ആയി ഉയർന്നു. ആവാസ് രജിസ്‌ട്രേഷൻ പ്രകാരം ജില്ലയിലെ അതിഥിത്തൊഴിലാളികളുടെ എണ്ണം 24,946 ആണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top