26 September Saturday

എ എ റഹീമിന്റെ പേര് വേണ്ടെന്ന്‌ ഡിസിസി

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
 സ്വന്തം ലേഖകന്‍
കൊല്ലം
മുൻ കേന്ദ്രമന്ത്രിയും കൊല്ലത്ത്‌ കോൺഗ്രസ്‌ പ്രസ്ഥാനത്തിന് അടിത്തറ പാകിയവരിൽ പ്രധാനിയുമായ എ എ റഹീമിന്റെ പേര് ഡിസിസി ഓഫീസ്‌ കെട്ടിടത്തിന്‌ വേണ്ടെന്ന്‌ കൊല്ലം ഡിസിസി.  പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയുടെ അധ്യക്ഷതയിലായിരുന്നു യോഗം.  കെപിസിസി വൈസ് പ്രസിഡന്റ്‌ ശൂരനാട് രാജശേഖരൻ, ജനറൽ സെക്രട്ടറി എം എം നസീർ എന്നിവരുടെ എതിർപ്പ്‌ അവഗണിച്ചായിരുന്നു തീരുമാനം.  റഹീമിന്റെ പേര്‌ ഒഴിവാക്കിയതിൽ ബിന്ദുകൃഷ്‌ണയ്‌ക്കെതിരെ ശൂരനാട് രാജശേഖരനും കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ വിഷ്ണു വിജയനും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‌‌ കത്ത്‌ നൽകിയിരുന്നു. 
കൊല്ലത്ത്‌ കോൺഗ്രസിന്‌‌ അടിത്തറ പാകിയ മൂന്ന് നേതാക്കളായിരുന്നു ആർ ശങ്കർ, സി എം സ്റ്റീഫൻ, എ എ റഹീം എന്നിവർ. കോൺഗ്രസിലെ ത്രിമൂർത്തികൾ എന്നാണ്‌  ഇവർ അറിയപ്പെട്ടിരുന്നത്‌. എന്നാൽ, ഉദ്ഘാടനത്തിനു സജ്ജമായ ഡിസിസി ഓഫീസ്‌ കെട്ടിടത്തിൽനിന്ന് എ എ റഹീമിന്റെ പേരുമാത്രം‌ ഒഴിവാക്കാൻ ബിന്ദുകൃഷ്‌ണ തീരുമാനിക്കുകയായിരുന്നു. ഇത്‌ പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർത്തി‌. തീരുമാനം ഏകപക്ഷീയമാണെന്നും കെപിസിസി ഇടപെടണമെന്നും ശൂരനാട് രാജശേഖരൻ ഉൾപ്പെടെ കത്തിലൂടെ ആവശ്യപ്പെട്ടു. പേര് ഒഴിവാക്കിയതിനെതിരെ റഹീമിന്റെ കുടുംബവും രംഗത്ത്‌ വന്നിരുന്നു. എന്നാൽ, സമ്മർദത്തിന് വഴങ്ങില്ലെന്ന്‌‌ ബിന്ദുകൃഷ്ണ ശനിയാഴ്‌ച ചേർന്ന യോഗത്തിൽ പറഞ്ഞു. 
മുൻ ഡിസിസി പ്രസിഡന്റുമാർ, കെപിസിസി ഭാരവാഹികൾ എന്നിവരാണ്‌  യോഗത്തിൽ പങ്കെടുത്തത്‌.  ശൂരനാട്‌ രാജശേഖരൻ വിട്ടുനിന്നു. കെപിസിസി ജനറൽ സെക്രട്ടി സി ആർ മഹേഷ് ബിന്ദുകൃഷ്ണയെ പിന്തുണച്ചു. ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല വിവാദം അനവസരത്തിലാണെന്ന്‌ പറഞ്ഞു. എ ഗ്രൂപ്പ് നേതാക്കൾ വിഷയത്തിൽ കാര്യമായ പ്രതികരണം നടത്തിയില്ല. 
എ എ റഹീമിന്റെ പേര് ഒഴിവാക്കിയാൽ പാർടിയുടെ ന്യൂനപക്ഷ വോട്ടുചോരുമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ ബിന്ദു ജയൻ, കെപിസിസി ന്യൂനപക്ഷസെൽ ജില്ലാ സെക്രട്ടറി മുബാറക്ക് എന്നിവർ കെപസിസിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top