16 December Monday
സര്‍ഫാസി നിയമം

നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യം: നിയമസഭാ സമിതി

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019
 
കൊല്ലം
കേന്ദ്രനിയമമായ സർഫാസി മനുഷ്യത്വരഹിതമായി നടപ്പാക്കാനുള്ള ബാങ്കുകളുടെ ശ്രമം അസാധാരണവും ഗൗരവതരവുമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിയമസഭാ സമിതി. നിയമംമൂലം സംസ്ഥാനത്തുണ്ടായ അവസ്ഥാവിശേഷം പഠിക്കാൻ  രൂപീകരിച്ച എസ് ശർമ എംഎൽഎ അധ്യക്ഷനായ നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി കൊല്ലം കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിലാണ്  വിലയിരുത്തൽ നടത്തിയത്‌. നിയമത്തിന്റെ മറവിലുള്ള ക്രൂരനടപടികൾ അത്മഹത്യയ്ക്കും കുടുംബങ്ങൾ അനാഥമാക്കുന്നതിനും കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയത്. 
തിരിച്ചടവ് മുടങ്ങിയെന്നപേരിൽ വായ്പ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ച് വസ്തുപിടിച്ചെടുക്കുന്ന പല നടപടികളും പരിശോധിക്കുമ്പോൾ ഉദ്യോഗസ്ഥ, റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വാധീനംപോലും സംശയിക്കേണ്ടിയിരിക്കുന്നു. കാർഷിക ഭൂമി ജപ്തി ചെയ്യരുതെന്ന വ്യവസ്ഥപോലും കാറ്റിൽ പറത്തുകയാണ്. ബാങ്കുകളുടെ ഇത്തരം ഭ്രാന്തൻ ധന മാനേജ്‌മെന്റ് അംഗീകരിക്കാൻ ആവില്ലെന്നു കമ്മിറ്റി പറഞ്ഞു. ചില ജില്ലാസഹകരണ ബാങ്കുകളും സർവീസ് സഹകരണ ബാങ്കുകളും കാർഷിക വികസന ബാങ്കുകളും ജപ്തി നോട്ടീസുകൾ പുറപ്പെടുവിച്ചതായി പരാതികൾ കമ്മിറ്റിക്ക്‌  ലഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ നയത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കണ്ണൂർ ജില്ലയിൽ ഉടൻ തെളിവെടുപ്പ് നടത്തും. സർഫാസി നിയമത്തിനെതിരെ പോരാട്ടം നടത്തിയ പ്രീത ഷാജിയുടെ ഭവനത്തിലും നിയമസഭാ സമിതി തെളിവെടുപ്പ് നടത്തിയിരുന്നു.  നിയമ പരിരക്ഷ, സാമ്പത്തിക സുരക്ഷ, ജപ്തി നടപടികളിലേക്ക് പോകാതെയുള്ള പരിഹാരം എന്നിവ സംബന്ധിച്ച് ഉചിതമായ നിർദേശങ്ങൾ സമർപ്പിക്കും. എംഎൽഎമാരായ എം ഉമ്മർ, കോവൂർ കുഞ്ഞുമോൻ, എം നൗഷാദ് എന്നിവർ തെളിവെടുപ്പിൽ പങ്കെടുത്തു. നിരവധി വ്യക്തികളും സംഘടനകളുമാണ് നിയമസഭാ സമിതിയ്ക്കുമുന്നിൽ നിവേദനങ്ങളുമായി എത്തിയത്. കലക്ടർ ബി അബ്ദുൽ നാസർ, എഡിഎം പി ആർ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി സെക്രട്ടറി ജി പി ഉണ്ണിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top