07 July Tuesday
പാരിപ്പള്ളി മെഡിക്കൽകോളേജ്‌

കോവിഡ്‌ വാർഡിനെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതം

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020
ചാത്തന്നൂർ-
പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കോവിഡ്‌ വാർഡിനെക്കുറിച്ച്‌ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ഉന്നയിച്ച ആക്ഷേപം അടിസ്ഥാനരഹിതവും അപകീർത്തികരവും. ചികിത്സയിലുള്ളവരോ നേരത്തെ ചികിത്സ കഴിഞ്ഞവരോ ഒരു പരാതിയും രേഖാമൂലമോ അല്ലാതെയോ ഉന്നയിച്ചിട്ടില്ലെന്ന്‌ ആശുപത്രി സൂപ്രണ്ട്  ഹബീബ്‌ 
നസീം പറഞ്ഞു. 
എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കും. കോവിഡ്‌ ബാധിതരുടെ മാനസികാവസ്ഥ പലതരത്തിലാണ്‌. പലർക്കും മാനസികവിഷമം ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ്‌ പലരും പ്രതികരിക്കുക. 
ഡോക്ടർമാരും നേഴ്‌സുമാരും ഉൾപ്പെടെ ക്ലീനിങ് സ്‌റ്റാഫുവരെ നടത്തുന്ന പ്രവർത്തനത്തെ അവഹേളിക്കരുത്‌. വൃത്തികെട്ട ശുചിമുറി, മാലിന്യമുള്ള വെള്ളം, വൃത്തിഹീനമായ ബെഡ്‌ എന്നിങ്ങനെ പച്ചക്കള്ളം വിളിച്ചുപറയുന്നത്‌ നല്ലനിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയെ ബോധപൂർവം ചെളിവാരിയെറിയലാണ്‌. ഇത്‌ ഒരന്വേഷണവും കൂടാതെ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾ തയ്യാറാവരുത്‌. ‌
ആശുപത്രിയിലെത്തുന്ന ഓരോരുത്തർക്കും ചികിത്സ, മരുന്ന്‌, ഭക്ഷണം,  വസ്ത്രങ്ങൾ, ബ്രഷ്, പേസ്റ്റ്, സോപ്പ് , ചെരുപ്പ്, ബെഡ്ഷീറ്റ് ഉൾപ്പെടെ നൽകുന്നു. ഓരോരുത്തർക്കും റീ- യൂസ് ചെയ്യാതെ പുതിയ പാത്രങ്ങളും നൽകുന്നു.
കോവിഡ് ഐസൊലേഷൻ വാർഡുകളിലും, നിരീക്ഷണ വാർഡുകളിലും ശുചിത്വം, അണുനശീകരണം എന്നിവ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക  ടീം പ്രവർത്തിക്കുന്നു. ദിവസവും നാല് തവണ ശുചിത്വവും, അണുനശീകരണവും ഉറപ്പാക്കും. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ലോകാരോഗ്യ സംഘടനയുടെയും പ്രോട്ടോകോൾ അനുസരിച്ചാണ് ടീം പ്രവർത്തനം. 
1899 പേരാണ് കോവിഡ് സംശയിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റിപ്പോർട്ട് ചെയ്തത്. 1610 പേരെ വീട്ടിലും 279 പേരെ മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാക്കി. 231 പേരെ ഡിസ്ചാർജ് ചെയ്‌തു. നിലവിൽ 38 പേരാണ് രോഗം സംശയിച്ച്‌ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പ്രധാന വാർത്തകൾ
 Top