17 January Sunday
അതിതീവ്ര ന്യൂനമർദം

അടിയന്തര സാഹചര്യം നേരിടാൻ മുന്നൊരുക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020
കൊല്ലം
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിതീവ്ര ന്യൂനമർദമാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് ജില്ലയിൽ അടിയന്തര സാഹചര്യം നേരിടാൻ ഒരുക്കം. ജില്ലാ ദുരന്ത നിവാരണ സമിതിയോഗത്തിൽ ഇതു സംബന്ധിച്ച നിർദേശം നൽകിയതായി കലക്ടർ ബി അബ്ദുൾ നാസർ പറഞ്ഞു.  
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. അവശ്യ സർവീസുകളായ വൈദ്യുതി ബോർഡ്, ഫിഷറീസ്,  പൊലീസ്,  റവന്യൂ വിഭാഗങ്ങൾ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.  മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വിഭാഗങ്ങൾ കരയിലും കടലിലും നിരീക്ഷണം ശക്തമാക്കി. കോസ്റ്റൽ പൊലീസ് ജാഗ്രതാ സമിതി മുഖേന കടലിൽ പോയവരെ തിരികെ എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആളുകളെ മാറ്റി പാർപ്പിക്കാൻ ക്രമീകരണമായി.  കല്ലടയാർ, പള്ളിക്കലാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തിവരുന്നു. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ ആംബുലൻസ്, ക്രെയിൻ, മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ വാഹനങ്ങളും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കെഎസ്ആർടിസി ബസുകളും തയ്യാറാക്കിയിട്ടുണ്ട്. 
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കാൻ നിർദേശം നൽകി. വൈദ്യുതി വകുപ്പ്, ഫീൽഡ് ജീവനക്കാർ ഉപകരണങ്ങൾ സഹിതം സജ്ജമായിട്ടുണ്ട്. വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായാൽ  പകരം സംവിധാനമൊരുക്കാൻ ബിഎസ്എൻഎല്ലിന് ചുമതല നൽകി. ജില്ലയിലെ മലയോര മേഖലയിലെ ഗതാഗതം ഡിസംബർ ഒന്നു മുതൽ മുതൽ നാലുവരെ വൈകിട്ട്‌  ഏഴു മുതൽ രാവിലെ ഏഴുവരെ നിയന്ത്രിക്കും. അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്തുവരുന്നു. അടിയന്തരഘട്ടങ്ങളിൽ സഹായത്തിനായി ജില്ലയിലെ പൊലീസ് സേന സന്നദ്ധമാണ്‌. 
പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌  
പൊതുജനങ്ങൾ പരമാവധി വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രദ്ധിക്കണം.  
പ്രളയ –-മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മേഖലയിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണം. പുഴ, തോട്, ബീച്ച് എന്നിവിടങ്ങളിൽ ഇറങ്ങരുത്. മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ അല്ലാതെ ആരും ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക സ്ഥലങ്ങൾ സന്ദർശിക്കരുത്.  സ്ഥാനാർഥികളും രാഷ്ട്രീയ പാർടി പ്രവർത്തകരും കൂടുതൽ ശ്രദ്ധ ചെലുത്തണം.  ആശങ്കയില്ലാതെ അടിയന്തര ഘട്ടങ്ങളിൽ സമചിത്തതയോടെ പ്രവർത്തിക്കാൻ ഏവരും സന്നദ്ധരാകണമെന്നും  കലക്ടർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top