24 October Thursday

ഇവിടെ ആകെയൊരു പച്ചമയം

സ്വന്തം ലേഖകന്‍Updated: Sunday Sep 1, 2019

ജില്ലയിലെ ആദ്യ ഹരിതഭവനം ഒരുക്കിയ തുളസീധരൻപിള്ള തന്റെ കൃഷിയിടത്തിൽ

ചവറ
തുളസീധരൻപിള്ളയ്‌ക്ക്‌ കൃഷിയെന്നാൽ ജീവനാണ്‌. മക്കളാണോ കൃഷിയാണോ വലുതെന്നു ചോദിച്ചാൽ കൃഷിയെന്ന്‌ ഉത്തരം വരും. ഈ ഇഷ്ടം കൊണ്ടാണ്‌ ജില്ലയിൽ ആദ്യ ഹരിതഭവനം ഒരുക്കിയ കർഷകനെന്ന ബഹുമതി നീണ്ടകര പരിമണം ആമ്പാടിയിൽ തുളസീധരൻപിള്ളയെ തേടിയെത്തിയത്‌. 
ഹരിതകേരളം മിഷൻ,  പഞ്ചായത്ത്, കൃഷി വകുപ്പ്‌ എന്നിവ സംയുക്തമായി നടത്തുന്ന ഹരിതഭവനം പദ്ധതിയിലാണ് തുളസീധരൻപിള്ളയുടെ വീട്‌  ആദ്യ ഹരിതഭവനമായി  പ്രഖ്യാപിച്ചത്. ഈ കർഷന്റെ വീടൊരു ഹരിത കലവറയാണ്‌.   ജൈവ പച്ചക്കറിത്തോട്ടം, മണ്ണിരക്കമ്പോസ്റ്റ്, മഴവെള്ള സംഭരണി, ബയോ കമ്പോസ്റ്റ്, തുണിസഞ്ചികൾ, വീടിനും  സമീപത്തും എൽഇഡി ബൾബ്‌ അങ്ങനെ എല്ലാം ഹരിതമയം.  വീടിന്റെ പരിസരങ്ങളിലും ടെറസിലുമായി 23 സെന്റിൽ ഇല്ലാത്ത പച്ചക്കറികൾ കുറവാണ്‌. ഇഞ്ചി, മഞ്ഞൾ, ചേന, വാഴ, ചേമ്പ്, കാച്ചിൽ, പടവലം, വഴുതന, പാവൽ, മുളക്, തക്കാളി, വെണ്ട, ഔഷധ ഗുണങ്ങളുള്ള കറ്റാർവാഴ, രാമച്ചം, ഞവര എല്ലാം ഇവിടെയുണ്ട്‌. ചാണകപ്പൊടി, ചകിരിച്ചോറ്‌, ബ്രഹ്മി കമ്പോസ്റ്റ്, കരിയില എന്നിവയാണ്‌ വളം. വാഴകളിൽ തന്നെ ഏത്തൻ, ഞാലി, പാളയൻ തോടൻ, പഞ്ചാരപ്പൂവൻ, ചാരക്കാളി, കദളിവാഴ, പൂവൻ  എന്നീ വകഭേദങ്ങളുണ്ട്‌.
 പച്ചക്കറികളിൽ പലതും വിളവെടുപ്പിനു പാകമായതായി തുളസീധരൻപിള്ള പറയുന്നു. കൊല്ലത്തുനിന്ന്‌ ഫയർ ഓഫീസറായി വിരമിച്ച തുളസീധരൻപിള്ള 2006 മുതലാണ് സജീവ കൃഷിയിലേക്ക്‌ ഇറങ്ങുന്നത്. കെഎംഎംഎൽ പർച്ചേസ് ഓഫീസറായി വിരമിച്ച  ഭാര്യ  പത്മിനിയമ്മയും സഹായത്തിനുണ്ട്‌. രാവിലെ വിളകൾക്ക്‌ വെള്ളവും ജൈവവളങ്ങളും നൽകിയേ തുളസീധരൻപിള്ളയ്‌ക്ക്‌ മറ്റു പണികളുള്ളൂ. ഇതൊരു ദിനചര്യയായി കൂടെക്കൂടിയിട്ട്‌ വർഷങ്ങളായി. കൃഷിപ്പണി മനസ്സ് നിറയെ സംതൃപ്തിയും സന്തോഷവും നൽകുമെന്നാണ് ഈ കർഷകന്റെ ഭാഷ്യം. 
പഞ്ചായത്ത്‌, കൃഷിഭവൻ, ഹരിതകേരളം മിഷൻ എന്നിവരുടെ സഹായത്തോടെയാണ്‌ കൃഷി. സർവീസിലിരിക്കെ 2004ൽ പ്രശസ്ത സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് തുളസീധരൻപിള്ളയ്‌ക്കു ലഭിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top