22 November Friday

വിസ തട്ടിപ്പുകേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ; ഭാര്യ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ഷിബു വർഗീസ്

കൊട്ടാരക്കര> വിസ തട്ടിപ്പുകേസിൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്‌ അറസ്റ്റിൽ. വെട്ടിക്കവല പാലമുക്ക് മണ്ണിലഴികത്ത് ഹൗസിൽ ഷിബു വർഗീസിനെ (45) യാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിൽ പഠനത്തോടൊപ്പം ജോലിയും നൽകാമെന്ന വാഗ്ദാനം നൽകി ഷിബു വർഗീസും ഭാര്യ  ബിനിമോളും 9.75 ലക്ഷം രൂപ തട്ടിയെന്നാണ്‌ പരാതി. തലവൂർ അലക്കുഴി സ്വദേശി മറിയാമ്മയാണ്‌ പരാതി നൽകിയത്‌.
 
മറിയാമ്മയുടെ മകൻ സുമിൻ സജി, സുഹൃത്ത് എയ്‌ഞ്ചൽ ടി മാത്യു എന്നിവരിൽനിന്ന്‌ ഷിബുവും ബിനിമോളും 2018 മേയിലാണ്‌ വിസ വാഗ്ദാനംചെയ്‌ത്‌ പണം വാങ്ങിയത്. ഒരുവർഷം കഴിഞ്ഞിട്ടും വിസ ശരിയാകാത്തതിനാൽ ഇവർ പണം തിരികെ ആവശ്യപ്പെട്ടു. നിരവധി തവണ  ചോദിച്ചിട്ടും പണം കിട്ടാതായതോടെയാണ്‌ മറിയാമ്മ പൊലീസിനെ സമീപിച്ചത്. കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലും തമിഴ്നാട്ടിലും ഒളിവിൽ കഴിഞ്ഞ ഷിബുവിനെ കോയമ്പത്തൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്.
 
പ്രതി കുളത്തൂപ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു. വെട്ടിക്കവലയിൽ സ്ഥിര താമസമാക്കിയ ഇയാൾക്ക് കോൺഗ്രസിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ട്‌. റൂറൽ എസ്‌പി ഹരിശങ്കറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിവൈഎസ്‌പി നാസറുദീന്റെ നേതൃത്വത്തിൽ സിഐ ടി എസ് ശിവപ്രകാശ്, എസ്ഐ സാബുജി, സീനിയർ സിപിഒ അജിത്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.
 
പ്രധാന വാർത്തകൾ
 Top