02 June Tuesday
സൂരജിന്റെ വളർച്ച യുഡിഎഫ്‌ ഭരണത്തിൽ

ടി ഒ സൂരജ്‌ : ലീഗ്‌ നട്ട്‌ യുഡിഎഫ്‌ പോറ്റിയ അഴിമതിയുടെ ഐഎഎസുകാരൻ

എം എസ‌് അശോകൻUpdated: Sunday Sep 1, 2019


കൊച്ചി
ബാങ്ക്‌ ക്ലാർക്കിൽനിന്ന്‌ പൊതുമരാമത്ത്‌ സെക്രട്ടറിയിലേക്കെത്തിയപ്പോൾ കോടികളുടെ സ്വത്തിന്‌ ഉടമയായ ടി ഒ സൂരജിന്റെ അതിവേഗ വളർച്ച യുഡിഎഫ്‌ സർക്കാരുകളുടെ തണലിൽ. 2005ൽ യുഡിഎഫ്‌ സർക്കാർ അധികാരത്തിലിരിക്കെ സെക്രട്ടറി റാങ്കിലേക്ക്‌ ഉയർത്തിയ സൂരജിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പേരിൽ കോടികളുടെ സ്വത്ത്‌ കുമിഞ്ഞുകൂടിയത്‌ ശരവേഗത്തിൽ. മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ വിശ്വസ്‌തനായിരുന്ന സൂരജ്‌ വിരമിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ പാലാരിവട്ടം പാലം നിർമാണ അഴിമതിക്ക്‌ കാർമികനായത്‌.

2001 മുതൽ 2004 വരെ വിവിധ ജില്ലകളിൽ കലക്ടറായിരുന്ന സൂരജ്‌ 2004ൽ ഇടപ്പള്ളിയിൽ സ്വന്തം പേരിൽ 14 സെന്റ്‌ ഭൂമി വാങ്ങിയാണ്‌ സ്വത്തുസമ്പാദനം തുടങ്ങിയത്‌. 2004 മുതൽ 2014 വരെയുള്ള പത്തുവർഷത്തിനിടെ സംസ്ഥാനത്താകെ പതിനാറിടത്ത്‌ ഭൂമി വാങ്ങി. മൂന്ന്‌ അപ്പാർട്‌മെന്റുകളും ഗോഡൗൺ ഉൾപ്പെടെ കെട്ടിടങ്ങളും  വാങ്ങി. സഹായിയുടെ പേരിലുൾപ്പെടെ നാല്‌ കാറുകൾ സ്വന്തമാക്കി. 11 കോടി രൂപയുടെ അനധികൃത സ്വത്ത്‌ ഇക്കാലത്ത്‌ സൂരജ്‌ പല പേരിൽ സമ്പാദിച്ചതായി പിന്നീട്‌ വിജിലൻസും എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റും നടത്തിയ പരിശോധനയിൽ കണ്ടെത്തി. 93,810 രൂപയ്‌ക്ക്‌ തുല്യമായ വിദേശ കറൻസി ഉൾപ്പെടെ 23,56,353 രൂപ വീടുകളിൽനിന്ന്‌ റെയ്‌ഡ്‌ ചെയ്‌തു.

അവസാനത്തെ രണ്ട്‌ യുഡിഎഫ്‌ സർക്കാർ ഭരണത്തിലും ഭാര്യ സുമയുടെയും മൂന്ന്‌ മക്കളുടെയും പേരിൽ കണക്കറ്റ സ്വത്താണ്‌ വാരിക്കൂട്ടിയത്‌. മകൾ റിസാനയുടെ പേരിൽ വിവിധയിടങ്ങളിൽ അമ്പതേക്കറോളം ഭൂമിയും തിരുവനന്തപുരത്ത്‌ ആഡംബര ഫ്ലാറ്റും ആലുവയിൽ രണ്ടരക്കോടിയുടെ ഗോഡൗണും വാങ്ങിയത്‌ 2012ലും 2013ലുമാണ്‌. ഇടുക്കിയിലെ മഞ്ഞുമല, എരനല്ലൂർ, ആലുവ എന്നിവിടങ്ങളിൽ ഭൂമി വാങ്ങി. മകൻ റിഷിന്റെ പേരിൽ ആലങ്ങാട്‌ വില്ലേജിൽ 23.41 ഏക്കറും മഞ്ഞുമലയിൽ പത്തുസെന്റും മറ്റൊരു മകൻ റിസ്‌വാന്റെ പേരിൽ ഇടപ്പള്ളിയിൽ മൂന്നരക്കോടിയുടെ ആറേക്കർ ഭൂമിയും  മഞ്ഞുമലയിൽ പത്ത്‌ സെന്റും  വാങ്ങിയതും യുഡിഎഫ്‌ ഭരണകാലത്തുതന്നെ. ഹോണ്ട ബ്രയോ, സിവിക്‌, സിറ്റി, ടയോട്ട ഇന്നോവ എന്നിവ വാങ്ങിയത്‌ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കീഴിൽ  പൊതുമരാമത്ത്‌ സെക്രട്ടറിയായിരിക്കെ.

കനറാ ബാങ്കിൽ സാധാരണ ക്ലാർക്കായി 1979ൽ ഔദ്യോഗിക ജീവിതമാരംഭിച്ച സൂരജ്‌ 1980ലാണ്‌ സർക്കാർ സർവീസിലെത്തിയത്‌. വനം റേഞ്ചറായാണ്‌ തുടക്കം. ഒമ്പതുവർഷത്തെ സേവനത്തിനിടെ ആദ്യ വിജിലൻസ്‌ കേസിൽ പ്രതിയായി. 1989-ൽ ഡെപ്യൂട്ടി കലക്ടറായി വിവിധ ജില്ലകളിൽ. 1994 ബാച്ചായി 98ൽ ഐഎഎസ്‌ കൺഫർ ചെയ്‌തു. 2001–- 2006ൽ യുഡിഎഫ്‌ അധികാരത്തിലിരിക്കെ ജില്ലാ കലക്‌ടറും 2005ൽ വ്യവസായ വകുപ്പിൽ ഡയറക്‌ടറുമായി. സർക്കാർ അധികാരമൊഴിയുംമുമ്പ്‌ സെക്രട്ടറി റാങ്കും നൽകി. 2004 മുതൽ 2014 വരെ അനധികൃത സ്വത്തുസമ്പാദനത്തിന്‌ വിജിലൻസ്‌ കേസെടുത്തതോടെ 2014 നവംബർ 22 മുതൽ 2016 ഫെബ്രുവരിവരെ സൂരജ്‌ സസ്‌പെൻഷനിലായിരുന്നു. സസ്‌പെൻഷനിലാകുംമുമ്പുള്ള ആറുമാസം പൊതുമരാമത്ത്‌ സെക്രട്ടറിയായിരിക്കെയാണ്‌ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ കരാറുണ്ടാക്കിയത്‌. വിജിലൻസ്‌ അന്വേഷിച്ച അഴിമതിക്കേസുകളിലും എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷിച്ച കേസിലും സൂരജിന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി വിധികളുണ്ട്‌. അവ പുരോഗമിക്കുന്നു. 314 ശതമാനം ഇരട്ടി സ്വത്തുക്കൾ കണ്ടെത്തിയതായാണ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിലുള്ളത്‌. 2018 മെയ്‌ 18ന്‌ വിരമിച്ച സൂരജിന്റെ പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ധനവകുപ്പ്‌ തടഞ്ഞിരിക്കുകയാണ്‌. സൂരജിനെതിരെ എട്ട്‌ വിജിലൻസ്‌ കേസുകളും രണ്ട്‌ വകുപ്പുതല നടപടികളും നിലനിൽക്കുന്നതിനാലാണിത്‌.


പ്രധാന വാർത്തകൾ
 Top