21 October Monday

ടി ഒ സൂരജിന്‌ ആർഡിഎസ്‌ പ്രേമം; പത്തുകോടി പോയ വഴിയില്ല

എം എസ‌് അശോകൻUpdated: Saturday Aug 31, 2019

കൊച്ചി> പാലാരിവട്ടം മേൽപ്പാലം നിർമാണകരാർ ആർഡിഎസ്‌ പ്രോജക്ട്‌സ്‌ ലിമിറ്റഡിന്‌ നൽകിയത്‌ പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ്‌ പ്രത്യേക താൽപ്പര്യമെടുത്ത്‌. കോടികളുടെ പൊതുപണം കൊള്ളയടിക്കാൻ നടത്തിയ വഴിവിട്ട നീക്കങ്ങളുടെ നിഷേധിക്കാനാകാത്ത തെളിവുകൾ നിരത്തിയാണ്‌ വിജിലൻസ്‌ സംഘം ടി ഒ സൂരജിനെതിരായ കുരുക്ക്‌ മുറുക്കിയത്‌.

പാലത്തിൽനിന്ന്‌ ശേഖരിച്ച സാമ്പിളുകൾ ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധിച്ചതിന്റെ ഫലം പ്രതികൾക്ക്‌ എതിരായതും വെള്ളിയാഴ്‌ചത്തെ അറസ്‌റ്റിന്‌ വഴിതുറന്നു. 2013 നവംബറിലായിരുന്നു മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾ. അതിന്‌ ഏതാനും മാസംമുമ്പ്‌ പൊതുമരാമത്ത്‌ സെക്രട്ടറിയായെത്തിയ ടി ഒ സൂരജ്‌ ടെൻഡർ ആർഡിഎസിന്‌ നൽകിയതിനുപിന്നാലെ ഈ സ്ഥാനത്തുനിന്ന്‌ മാറി. 47. 70 കോടി രൂപ വകയിരുത്തിയ മേൽപ്പാലം നിർമാണകരാറിനായി ചെറിയാൻ വർക്കി കൺസ്‌ട്രക്‌ഷൻ ഉൾപ്പെടെ പ്രമുഖർ രംഗത്തുണ്ടായിരുന്നു.

നിർമാണകരാർ എടുക്കുന്നവർക്ക്‌ ഒരുരൂപപോലും അഡ്വാൻസായി നൽകില്ലെന്ന്‌ പ്രീ ബിഡ്‌ സമയത്ത്‌ ടി ഒ സൂരജ്‌ കരാർ കമ്പനികളോട്‌ പറഞ്ഞു. ഇത്‌ വിശ്വസിച്ച്‌ കരാറിൽ താൽപ്പര്യം കാണിക്കാതെ ഭൂരിപക്ഷം കമ്പനികളും പിന്മാറി. ചെറിയാൻ വർക്കിയും ഇപിടി ഇൻഫ്രാ പ്രോജക്‌ട്‌സും മാത്രമാണ്‌ ആർഡിഎസിനൊപ്പം രംഗത്തുനിന്നത്‌. 13 ശതമാനം തുക കുറച്ച്‌ ക്വാട്ട്‌ ചെയ്‌ത ആർഡിഎസിന്‌ കരാറും 8.25 കോടി രൂപ അഡ്വാൻസും സൂരജ്‌ പാസാക്കി. ആർഡിഎസിൽനിന്ന്‌ ഒരു അപേക്ഷ എഴുതിവാങ്ങിയാണ്‌ ഇത്രയും തുക അതിവേഗം കൈമാറിയത്‌. ഇതിനുപുറമെ ചട്ടങ്ങൾ മറികടന്ന്‌ മറ്റൊരു രണ്ടുകോടി രൂപ നൽകിയതിന്റെ തെളിവുകളും വിജിലൻസിന്റെ പക്കലുണ്ട്‌.

റോഡ്‌ ഫണ്ട്‌ ബോർഡിൽനിന്ന്‌ പാലം നിർമാണത്തിന്‌ അനുവദിക്കുന്ന പണം ആർബിഡിസികെ വഴിയാണ്‌ കരാറുകാരന്‌ കൈമാറേണ്ടത്‌. എന്നാൽ, കെആർഎഫ്‌ബിയിൽനിന്ന്‌ കൈപ്പറ്റിയ രണ്ടുകോടിയോളം രൂപ സൂരജ്‌ നേരിട്ട്‌  ആർഡിഎസിന് നൽകിയതിന്‌ രേഖയുണ്ട്‌. സിഎജിയുടെ പരിശോധനയിൽ ഈ ഇടപാടിനെ വിമർശിച്ചിട്ടുണ്ട്‌. പ്രത്യേക താൽപ്പര്യമെടുത്ത്‌ പാലം നിർമാണകരാർ നൽകിയതിന്‌ പ്രതിഫലമായി ആർഡിഎസിൽനിന്ന്‌ കോഴ കൈപ്പറ്റിയവരുടെ വിവരങ്ങൾ വിജിലൻസിന്റെ പക്കലെത്തിയതായാണ്‌ സൂചന. 

കരാറെടുത്ത ആർഡിഎസിന്‌ അവരുടെ ഇഷ്‌ടത്തിന്‌ നിർമാണം നടത്താനുള്ള ലൈസൻസാണ്‌ സർക്കാർ അനുവദിച്ചുകൊടുത്തത്‌. ഇതിന്റെ വിവരങ്ങളാണ്‌ ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നു കിട്ടിയ സാമ്പിൾ പരിശോധനാ റിപ്പോർട്ടിലുള്ളത്‌. പാലത്തിൽനിന്ന്‌ ശേഖരിച്ച പത്ത്‌ സാമ്പിൾ പരിശോധിച്ചതിൽ എട്ടിലും നിലവാരമില്ലായ്‌മ കണ്ടെത്തി. പാലത്തിന്റെ സ്‌പാൻ, സ്ലാബ്‌, പിയർ, പിയർക്യാപ്പ്‌ തുടങ്ങിയ വ്യത്യസ്‌ത നിർമാണങ്ങളിൽനിന്ന്‌ എടുത്ത സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. ഇനിയും പരിശോധനാഫലം വരാനുണ്ട്‌. അത്‌ കൂടുതൽ അറസ്‌റ്റിന്‌ വഴിതുറക്കും.


പ്രധാന വാർത്തകൾ
 Top