21 October Monday

പൊലീസ് കോൺസ്റ്റബിൾ പരീക്ഷ : സ്വതന്ത്ര അന്വേഷണം വേണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019


കൊച്ചി
പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉത്തരം ഫോൺ സന്ദേശമായി ലഭിച്ച സാഹചര്യത്തിൽ അടുത്തിടെ നടന്ന പിഎസ്‌‌സി നിയമനങ്ങളെക്കുറിച്ച്‌  അന്വേഷണം വേണമെന്ന് ഹൈക്കോടതി.   പൊലീസ് കോൺസ്റ്റബിൾ പരീക്ഷയെഴുതാൻ ഉത്തരം ഫോൺ സന്ദേശമായി അയച്ച കേസിലെ നാലാംപ്രതി ഡി സഫീറിന്റെ മുൻകൂർജാമ്യ ഹർജി തള്ളിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കുറ്റകൃത്യം നടത്താൻ സ്വീകരിച്ച രീതി പരിഗണിക്കുമ്പോൾ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നാണ് തോന്നുന്നതെന്ന് ജസ്റ്റിസ് ബി സുധീന്ദ്രകുമാർ വ്യക്തമാക്കി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി അഖിലിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവർക്ക് പൊലീസ് കോൺസ്റ്റബിൾ നിയമനത്തിനുള്ള പരീക്ഷയെഴുതാൻ സഹായിച്ചെന്നാണ് സഫീറിനെതിരായ കേസ്.

ഉത്തരങ്ങൾ പരീക്ഷാ ഹാളിലേക്ക് അയച്ചു നൽകിയെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇത് എവിടെനിന്നാണ് ലഭിച്ചതെന്നു കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണ്ടേതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.  ഹർജിക്കാരൻ രണ്ടു പ്രതികൾക്ക് മൊബൈൽഫോൺ വഴി ഉത്തരങ്ങൾ കൈമാറിയതായി കാണുന്നു.  ആരാണ് ചോദ്യപേപ്പറും ഉത്തരങ്ങളും നൽകിയതെന്ന് ഹർജിക്കാരനും കൂട്ടുപ്രതിക്കും മാത്രമേ അറിയൂ. അതിനാൽ, ഇവരെ കസ്റ്റഡിയിൽ ചോദ്യംചെയ്യൽ കേസന്വേഷണത്തിന്റെ പുരോഗതിക്ക് അനിവാര്യമാണ്. ഹർജിക്കാരന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നു വ്യക്തമാക്കിയ കോടതി മുൻകൂർജാമ്യ ഹർജി തള്ളി. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ പത്തു ദിവസത്തിനകം   കീഴടങ്ങാൻ പ്രതിക്ക് നിർദേശവും നൽകി.


പ്രധാന വാർത്തകൾ
 Top