17 February Sunday

കേരളത്തില്‍ പുതിയയിനം കുരുടന്‍ ചെമ്മീനെ കണ്ടെത്തി

ഡി കെ അഭിജിത്ത്‌Updated: Friday Aug 31, 2018

ആലപ്പുഴ > കേരളത്തില്‍ ആദ്യമായി പുതിയയിനം കുരുടന്‍ ചെമ്മീനെ കണ്ടെത്തി. ദക്ഷിണ അമേരിക്കയിലും, ആഫ്രിക്കയിലും മാത്രം കണ്ടുവരുന്ന യൂറിറൈഞ്ചിടെ കുടുംബത്തിലെ അംഗമായ ചെമ്മീന് 'യൂറിഇന്‍ഡിക്കസ് ഭൂഗര്‍ഭ' എന്ന ശാസ്‌‌ത്രനാമമാണ് നല്‍കിയിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിത്തിന്റെ ടാക്‌സോണമിസ്റ്റ് ഡോ. സാമ്മി ഡേ ഗ്രേവ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ബാംഗ്ലൂരിലെ ഗവേഷകനും എറണാകുളം മലയാറ്റൂര്‍ സ്വദേശിയുമായ സി പി അര്‍ജ്ജുന്‍, കേരളാ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രാജീവ് രാഘവന്‍ എന്നിവരുടെ സംയുക്ത പഠനത്തിലാണ് അപൂര്‍വ്വയിനം ശുദ്ധജല ചെമ്മീനെ കണ്ണൂരിലെ പുതിയതെരുവിലെ കിണറില്‍നിന്ന് കണ്ടെത്തിയത്.

കുരുടന്‍ ചെമ്മീന്‍

കുരുടന്‍ ചെമ്മീന്‍പുതിയയിനം ചെമ്മീനെപ്പറ്റിയുള്ള ആധികാരിക പഠനങ്ങള്‍ പ്രശസ്ത അനിമല്‍ ടാക്‌സോണമി ജേര്‍ണലായ സൂടാക്‌സയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏകദേശം നൂറ്റി എണ്‍പത് കോടി വര്‍ഷങ്ങള്‍ മുന്നേ ഒറ്റയായിരുന്ന മഹാഭൂഖണ്ഡങ്ങള്‍ അടര്‍ന്നുമാറിയതിലൂടെ, ഇപ്പോര്‍ പശ്ചിമഘട്ട പ്രദേശത്ത് കാണുന്ന ചില ജീവജാലങ്ങളുടെ വേര്‍പെട്ടുപോയ ബന്ധുക്കളെ ആഫ്രിക്ക, സൗത്ത് അമേരിക്ക പ്രദേശങ്ങളില്‍ കാണുവാന്‍ കഴിയുമെന്ന 'ഗോണ്ടുവാന' തത്വത്തെ ബലപ്പെടുത്തുന്നതാണീ കണ്ടെത്തലുകള്‍. കേരളത്തില്‍ത്തന്നെ ആദ്യമായാണ് ഒരു ഭൂഗര്‍ഭജല ചെമ്മീനെ കണ്ടെത്തുന്നത്. പരിണാമപരമായി മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തീരദേശ കിണറുകളില്‍  നിന്നും കണ്ടെത്തിയ പാലെമൊഡിഡെ കുടുംബത്തിലെ ട്രോക്കോ ഇന്‍ഡിക്കസ് ഫെറേറ്റിക്‌സ് എന്ന ഇനവുമായി മാത്രമാണ് ഇവക്ക് ദക്ഷിണേനണ്യേയില്‍ ബന്ധമുള്ളത്. ഏഴോളം ഭൂഗര്‍ഭജല മത്സ്യങ്ങളിലൂടെ കേരളം ഇപ്പോള്‍തന്നെ അന്താരാഷ്‌ട്രശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെന്നും ഡോ. രാജീവ് പറഞ്ഞു.

ഭൂഗര്‍ഭ ജീവജാലങ്ങളുടെ പ്രഭവകേന്ദ്രമാണ് പശ്ചിമ ഇന്ത്യ. കണ്ണുകളില്ലാത്തതുമ നിറമില്ലാത്ത സുതാര്യമായ ഉടലും ഇവയെ മറ്റ് ജീവജാലങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാക്കുന്നു. ഇത്തരം പുതിയ ജീവജാലങ്ങളെ കണ്ടെത്തുന്നതിലൂടെ പരിണാമപ്രക്രിയയുടെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെപ്പറ്റി പഠിക്കാനുള്ള അനന്തസാധ്യതകളാണ് ഗവേഷകര്‍ക്ക് ലഭിക്കുന്നതെന്ന് പരിണാമശാസ്ത്ര വിദഗ്ദനും കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ അസ്‌സ്റ്റന്റ് പ്രൊഫസറുമായ ഡോ. സിബി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

സി പി അര്‍ജുന്‍, ഡോ.രാജീവ് രാഘവന്‍

സി പി അര്‍ജുന്‍, ഡോ.രാജീവ് രാഘവന്‍അമിതമായ ക്ലോറിന്‍ പ്രയോഗവും, ഇരപിടിയന്മാരായ അധിനിവേശ മത്സ്യങ്ങളും ഇവയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകാനുള്ള സാധ്യതയേറെയാണ്. ഈ പ്രദേശത്തുള്ള മറ്റ് കിണറുകളില്‍ നിന്നും മോണോപ്റ്റീറ്റസ് ജനുസിലെ കുരുടന്‍ പുളവന്‍ മത്സ്യത്തെ ധാരാളമായി ലഭിച്ചിട്ടുണ്ടെന്നുള്ളതും അതോടൊപ്പമുള്ള ഈ കണ്ടെത്തലുകള്‍ നിഗൂഢമായ ഭൂഗര്‍ഭ ജീവജാലങ്ങളുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്. അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇവയെപ്പറ്റിയുള്ള കൂടുതല്‍ പഠനവും ബോധവത്ക്കരണവും അതിരപാധാനയമര്‍ഹിക്കുന്നുവെന്നും സി പി  അര്‍ജ്ജുന്‍ പറഞ്ഞു. ബംഗളൂരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ അസ്‌സ്റ്റന്റ് പ്രൊഫസര്‍ ഡോ. വി വി ബിനോയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭൂഗര്‍ഭജല മത്സ്യങ്ങളെപ്പറ്റിയുള്ള പഠനങ്ങളുടെ തുടര്‍ച്ചയാണ് ഈ കണ്ടെത്തലുകള്‍.

 


പ്രധാന വാർത്തകൾ
 Top