28 September Tuesday

ഒരുവർഷത്തിനകം 
കൊച്ചിക്ക് മാസ്റ്റർപ്ലാൻ : മേയർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021


കൊച്ചി
ഒരുവർഷത്തിനകം കൊച്ചി നഗരത്തിന് മാസ്റ്റർപ്ലാനും വിശദമായ നഗരാസൂത്രണ പദ്ധതിയും തയ്യാറാക്കും. വിശാല കൊച്ചി മേഖലയിലുൾപ്പെടുന്ന സമീപ തദ്ദേശസ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയാകും ഇതെന്ന് മേയർ എം അനിൽകുമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് ചിഫ് ടൗൺ പ്ലാനർ  രാജേഷിനെ അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യത്തിനായി ചുമതലപ്പെടുത്തി. ചീഫ് ടൗൺ പ്ലാനർ, നഗരസഭ ടൗൺ പ്ലാനിങ്‌ കമ്മിറ്റി, കോർപറേഷൻ എൻജിനിയർ എന്നിവരുടെ യോഗവും ചേർന്നിരുന്നു. ഒരുവർഷത്തിനകം കൊച്ചി നഗരത്തിനുമാത്രമായി ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി.

കൊച്ചി നഗര വികസനത്തിന് ഇതുവരെ മാസ്റ്റർപ്ലാൻ തയ്യാറാക്കിയിട്ടില്ല. ശാസ്ത്രീയ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ 2002-ൽ സി എം ദിനേശ്‌മണി മേയറായിരിക്കെ ശ്രമമാരംഭിച്ചിരുന്നു. കൊച്ചി 2020-നപ്പുറം എന്നതായിരുന്നു അന്നത്തെ കാഴ്ചപ്പാട്. 2010-ൽ കരട് തയ്യാറാക്കി. വിശാല കൊച്ചി മേഖലയിലേക്കുള്ള മാസ്റ്റർപ്ലാനായിരുന്നു അത്. എന്നാൽ 2010-–-12ൽ വിശാല കൊച്ചി മേഖലയിലെ തദ്ദേശ പ്രതിനിധികളുടെ യോഗത്തിൽ തീരുമാനമാകാത്തതിനാൽ നടപ്പായില്ല.മാസ്റ്റർപ്ലാനും ഡീറ്റയിൽഡ് ടൗൺ പ്ലാനിങ്‌ സ്കീമും നഗരവികസനത്തിൽ അത്യന്താപേക്ഷിതമാണെന്ന് എം അനിൽകുമാർ പറഞ്ഞു. കൊച്ചിക്ക് അനുയോജ്യമായ മാസ്റ്റർപ്ലാൻ തയ്യാറാക്കുക എന്നത് ഈ കൗൺസിലിന്റെ മുഖ്യ ചുമതലയാണെന്നും മേയർ പറഞ്ഞു.

വിശാല കൊച്ചി മേഖലയിലെ പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി  എംപി, എംഎൽഎമാർ, കൗൺസിലർമാർ, മുനിസിപ്പൽ ചെയർമാന്മാർ, പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവിന്റെ സഹായവും തേടും. മാസ്റ്റർപ്ലാൻ സംബന്ധിച്ച തുടർപ്രവർത്തനങ്ങൾക്ക് നഗരസഭ ടൗൺ പ്ലാനിങ്‌ കമ്മിറ്റി നേതൃത്വം നൽകും. മാസ്റ്റർപ്ലാൻ, ഫോർട്ടുകൊച്ചി പ്രദേശത്തിനായി തയ്യാറാക്കുന്ന ഡിടിപി സ്കീം എന്നിവ ഈ കൗൺസിൽ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കും. ഇതിനായി ഒരുമാസത്തിനകം ടൗൺ പ്ലാനിങ്‌ കമ്മിറ്റിയുടെ യോഗവും മറ്റ് തുടർപ്രവർത്തനങ്ങളും നടത്തി, ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം രൂപീകരിച്ച് ജനപങ്കാളിത്തത്തോടെ ഒരുവർഷത്തിനകം രൂപംനൽകുമെന്നും മേയർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top