14 July Tuesday

ജനാധിപത്യം തടസ്സമെന്ന്‌ കരുതുന്നവർ സിവിൽ സർവീസിലുണ്ട്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

സെക്രട്ടറിയറ്റ്‌ ദർബാർഹാളിൽ നടന്ന യാത്രയയപ്പ്‌ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസിൽനിന്ന്‌ വിരമിക്കുന്ന ടോം ജോസിനും ഭാര്യ സോജ ജോസിനുമൊപ്പം


തിരുവനന്തപുരം
തങ്ങൾ പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ്‌ തടസ്സമെന്നും കരുതുന്ന ചിലരെങ്കിലും സിവിൽ സർവീസിലുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ്‌ സെക്രട്ടറി ടോം ജോസിന്റെ യാത്രയയപ്പു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം ചോർത്തിക്കളഞ്ഞുള്ള ഉദ്യോഗസ്ഥഭരണമല്ല ഭരണഘടന വിഭാവനം ചെയ്യുന്നതെന്ന്‌ മനസ്സിലാക്കി പ്രവർത്തിച്ചയാളാണ്‌ ടോം ജോസ്‌. ജനാധിപത്യത്തിൽ ഉദ്യോഗസ്ഥ പ്രമുഖരുടെ സ്ഥാനം എവിടെയാണ്‌ എന്നതുമുതൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത്‌ എങ്ങനെയാണെന്നുവരെയുള്ള കാര്യങ്ങൾ പുതുതലമുറയ്ക്ക്‌ അദ്ദേഹത്തിന്റെ  സർവീസ്‌ ജീവിതത്തിൽനിന്ന്‌ പഠിക്കാനുണ്ട്‌. സാങ്കേതികത്വത്തെ മറയാക്കി ജനക്ഷേമ
നടപടികളിൽനിന്ന്‌ പിൻവാങ്ങുന്നവർക്ക്‌ നിലവിലുള്ള വ്യവസ്ഥിതിക്കുള്ളിൽനിന്ന്‌ ക്രമരഹിതമല്ലാതെ നല്ല കാര്യങ്ങൾ എങ്ങനെ നടപ്പാക്കാമെന്നതും മനസ്സിലാക്കാം.

ഇത്രയേറെ വെല്ലുവിളി നിറഞ്ഞ കാലത്ത്‌ മറ്റൊരു ചീഫ്‌ സെക്രട്ടറിക്കും പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ടാവില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സ്‌ മനസ്സിലാക്കി
പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. സർക്കാർനയങ്ങൾ അതേ അർഥത്തിൽ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ സന്നദ്ധനായി. സിവിൽ സർവീസിന്റെ വരേണ്യതയിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്ക്‌ അപൂർവമായി മാത്രമേ ഇങ്ങനെ മാറാൻ കഴിയൂ. വലിയ പ്രതിസന്ധികൾ അത്‌ നേരിടാൻ കഴിയുന്നവരെയാണ്‌ തേടിയെത്തുകയെന്ന്‌ പറയാറുണ്ട്‌. ഭരണനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ഒന്നിച്ചുനിന്നു പ്രവർത്തിച്ചാൽ ഒന്നും അസാധ്യമല്ലെന്ന്‌ കേരളം തെളിയിച്ചു–- മുഖ്യമന്ത്രി പറഞ്ഞു.

ടോം ജോസിന്റെ പ്രവർത്തനപാരമ്പര്യവും തുടക്കമിട്ട പദ്ധതികളും തുടർന്നുപോകുമെന്ന്‌ പുതിയ ചീഫ്‌ സെക്രട്ടറി വിശ്വാസ്‌ മേത്ത പറഞ്ഞു. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സിന്‌ തുടക്കമിടുകയാണെന്നും കേരളത്തിന്റെ ചീഫ്‌ സെക്രട്ടറിയായിരുന്നതിൽ അഭിമാനമുണ്ടെന്നും മറുപടിപ്രസംഗത്തിൽ ടോം ജോസ്‌ പറഞ്ഞു.

മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, ഇ പി ജയരാജൻ, എ കെ ബാലൻ, കെ കെ ശൈലജ എന്നിവർ പങ്കെടുത്തു. പൊതുഭരണവകുപ്പ്‌ സെക്രട്ടറി കെ ആർ ജ്യോതിലാൽ സ്വാഗതവും അഡീഷണൽ സെക്രട്ടറി ഷൈൻ എ ഹക്ക്‌ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top