13 July Monday

ട്രെയിൻ റദ്ദാക്കിയതിൽ‌ പ്രതിഷേധം;രാത്രിയിൽ ആലപ്പുഴ വഴി മടക്കം

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


പത്തനംതിട്ട
കോഴഞ്ചേരി താലൂക്കിലെ 446 അതിഥി തൊഴിലാളികളെ ശനിയാഴ്‌ച ബീഹാറിലേക്ക്‌ യാത്രയാക്കി. ആലപ്പുഴയിൽനിന്നുള്ള ട്രെയ്‌നിൽ‌ യാത്രയയക്കാൻ രാത്രി എട്ടോടെ ഇവരെ പത്തനംതിട്ടയിൽനിന്ന്‌ കൊണ്ടുപോയി. എട്ടോളം കെഎസ്‌ആർടിസി ബസുകളിലായാണ്‌ തൊഴിലാളികളെ  ആലപ്പുഴയിലെത്തിച്ചത്‌.

ശനിയാഴ്‌ച തിരുവല്ലയിൽനിന്ന്‌ ശ്രമിക് ട്രെയിനിൽ നാട്ടിലേക്ക്  വിടാമെന്ന് അധികൃതർ അറിയിച്ചിരുന്നതിനെ തുടർന്ന്‌ ഇവർ രാവിലെ തന്നെ കണ്ണങ്കരയിൽ ഒത്തുകൂടിയിരുന്നു. എന്നാൽ പത്തോടെ ട്രെയിൻ റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു. ഇതോടെ തൊഴിലാളികൾ വിഷമത്തിലായി. മുറിപൂട്ടി താക്കോൽ കെട്ടിട ഉടമകളെ ഏൽപിച്ച ശേഷമാണ് ബാഗുകളുമായി എല്ലാവരും എത്തിയത്‌. ട്രെയിൻ ഇല്ലെന്ന് അറിഞ്ഞതോടെ തിരികെ മുറിയിലേക്ക്‌ പോകാൻ കഴിയാതെ തൊഴിലാളികൾ കണ്ണങ്കരയിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മുറിയിലേക്ക് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കെട്ടിട ഉടമകൾ മുറിയിൽ തിരികെ കയറ്റില്ലെന്ന് പറഞ്ഞ്‌ തൊഴിലാളികൾ  റോഡിൽനിന്ന്‌ മാറാതെ നിന്നു. ഇതോടെ പൊലീസ് ലാത്തിവീശി ഓടിച്ചു. തുടർന്നാണ്‌ രാത്രിയിൽ ആലപ്പുഴയിൽനിന്നു ട്രെയിനിൽ പ്രത്യേക ബോഗി ഘടിപ്പിച്ച്‌ യാത്ര തരപ്പെടുത്തിയത്‌.ഏനാത്ത്, പുല്ലാട് എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറി.
 


പ്രധാന വാർത്തകൾ
 Top