14 July Tuesday

ജില്ലയിൽ 4 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


കൊച്ചി
ജില്ലയിൽ ശനിയാഴ്‌ച നാലു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ടുപേർ എറണാകുളത്ത്‌ ചികിത്സയിലുണ്ട്‌.  28ന് കുവൈത്ത്‌–-തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ.  രോഗലക്ഷണങ്ങൾ കണ്ടതിനാൽ അന്നുതന്നെ തിരുവനന്തപുരം കാരക്കോണം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. 

17ന് അബുദാബി–-കൊച്ചി വിമാനത്തിലെത്തിയ മുപ്പത്തിരണ്ടുകാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ ജീവനക്കാരായ 44 ഉം 27ഉം വയസ്സുള്ള മഹാരാഷ്ട്ര സ്വദേശികളാണ്‌ രോഗം സ്ഥിരീകരിച്ച മറ്റ്‌ രണ്ടുപേർ. ഇതിൽ ഒരാൾ 26ന് കാറിലും മറ്റേയാൾ 27ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽനിന്ന്‌ കൊച്ചിയിലെത്തിയത്. ഇവർ സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേർ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. 29ന് രോഗം സ്ഥിരീകരിച്ച എൺപതുകാരിയുടെ 56ഉം 48ഉം വയസ്സുള്ള അടുത്ത ബന്ധുക്കൾക്കാണ് രോഗം  സ്ഥിരീകരിച്ചത്. ഇവർ ഒരുമിച്ചാണ് ഡൽഹിയിൽനിന്ന്‌ ട്രെയിനിൽ യാത്രചെയ്ത് 28ന്  കൊച്ചിയിലെത്തിയത്.

647 പേർകൂടി നിരീക്ഷണത്തിൽ, ഒരാൾക്ക്‌ രോഗമുക്തി
കോവിഡുമായി ബന്ധപ്പെട്ട്‌ 647 പേരെ  പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണകാലയളവ് അവസാനിച്ച 480 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  8444 ആയി. 15 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  272 പേർ പണം നൽകി ഉപയോഗിക്കാവുന്ന സെന്ററുകളിൽ നിരീക്ഷണത്തിലുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ- 11 പേരെയും സ്വകാര്യ ആശുപത്രികളിൽ നാലുപേരെയും പ്രവേശിപ്പിച്ചു.

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ- നിരീക്ഷണത്തിലുള്ള മൂന്നുപേരെ ഡിസ്ചാർജ് ചെയ്തു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇരുപത്തിയൊമ്പതുകാരി രോഗമുക്തയായി. 16ന്‌ കുവൈത്ത്‌–-കൊച്ചി വിമാനത്തിലെത്തിയ ഗർഭിണിയായ ഇവർക്ക് 18നാണ് രോഗം സ്ഥിരീകരിച്ചത്. 25ന് ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.
വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 84 ആണ്. എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌–36, മൂവാറ്റുപുഴ ജനറൽ ആശുപത്രി–--7, പോർട്ട് ട്രസ്റ്റ് ‌ആശുപത്രി–-3, ഐഎൻഎച്ച്എസ് സഞ്ജീവനി–4, സ്വകാര്യ ആശുപത്രികൾ–-34 എന്നിങ്ങനെയാണ്‌ കണക്ക്‌.   ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 29 ആണ്. ശനിയാഴ്‌ച 98 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. 57 പരിശോധനാഫലങ്ങൾ ലഭിച്ചതിൽ ആറെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവുമാണ്‌. 126 ഫലങ്ങളാണ് ലഭിക്കാനുള്ളത്.
 സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി ശേഖരിച്ചത് 25 സാമ്പിളുകളാണ്.  ഇത്തരത്തിൽ ജില്ലയിൽ ശേഖരിച്ചത് 382 സാമ്പിളുകളാണ്. ഇതിൽ 87 എണ്ണത്തിന്റെ ഫലം വന്നു. എല്ലാം നെഗറ്റീവാണ്. 295 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 125 ചരക്കുലോറികൾ എത്തി. 147 ഡ്രൈവർമാരുടെയും ക്ലീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചതിൽ ആർക്കും രോഗലക്ഷണങ്ങളില്ല.


പ്രധാന വാർത്തകൾ
 Top