27 March Monday

മധുര കമ്പനി പാലം നിർമാണം യാഥാർഥ്യത്തിലേക്ക് ; പൈലിങ്‌ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023


പള്ളുരുത്തി
പള്ളുരുത്തിയുടെ ഗതാഗതക്കുരുക്കിന്‌ പരിഹാരമാകാൻ മധുര കമ്പനി പാലം നിർമാണം യാഥാർഥ്യത്തിലേക്ക്. പാലത്തിന്റെ തൂണ്‌ നിർമിക്കാൻ ആവശ്യമായ പൈലിങ്‌ ഉൾപ്പെടെ ആരംഭിച്ചു. മേയർ എം അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പദ്ധതിപ്രദേശം സന്ദർശിച്ചു.
കോർപറേഷനിൽ കഴിഞ്ഞ യുഡിഎഫ്‌ ഭരണസമിതിയുടെ കാലത്താണ്‌ പാലം നിർമാണത്തിന്‌ സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചത്‌.

ജോൺ ഫെർണാണ്ടസ് എംഎൽഎയായിരിക്കെ ആസ്‌തിവികസന ഫണ്ടിൽനിന്ന് 1.80 കോടി രൂപ വകയിരുത്തി. എന്നാൽ, യുഡിഎഫ്‌ ഭരണനേതൃത്വം അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ വൈകിപ്പിച്ചു. സമയബന്ധിതമായി തുക ഉപയോഗിക്കാൻ കഴിയാതായതോടെ മറ്റു പ്രവർത്തനങ്ങൾക്കുവേണ്ടി വിനിയോഗിച്ചു. കോർപറേഷനിൽ എൽഡിഎഫ്‌ അധികാരത്തിൽ എത്തിയതോടെയാണ്‌ പദ്ധതിക്ക്‌ വീണ്ടും ജീവൻവച്ചത്‌. രണ്ടാംഘട്ടത്തിലും എംഎൽഎയുടെ ഫണ്ടിൽനിന്നുതന്നെ 2.80 കോടി രൂപ അനുവദിച്ചു. സ്ഥലം ഏറ്റെടുക്കലിനായി കോർപറേഷൻ 86.48 ലക്ഷം രൂപയും അനുവദിച്ചു. എസ്റ്റിമേറ്റിൽ മാറ്റം വന്നതോടെ അധികമായി വേണ്ടിവന്ന 30 ലക്ഷം രൂപയും കോർപറേഷൻ അനുവദിച്ചു. എൽഡിഎഫ്‌ അധികാരത്തിലേറിയശേഷം മേയറുടെ നേതൃത്വത്തിൽ പ്രദേശം സന്ദർശിച്ച്‌ പാലം നിർമാണം വേഗത്തിലാക്കുമെന്ന്‌ പ്രദേശവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. ഇതിനുപിന്നാലെ സ്ഥലം വിട്ടുനൽകേണ്ട ആളുകളോട് ചർച്ച നടത്തി തടസ്സങ്ങൾ നീക്കി. വർഷങ്ങൾ പഴക്കമുള്ള ഇടക്കൊച്ചി പഷ്ണിത്തോട് പാലത്തിന് സമാന്തരമായാണ് മധുര കമ്പനി പാലം നിർമിക്കുന്നത്. നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ  നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത് പറഞ്ഞു. മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ്, പി എ പീറ്റർ, അഡ്വ. പി എസ് വിജു, സി എൻ രഞ്ജിത്, ലൈല ദാസ്, ജീജ ടെൻസൻ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top