26 October Monday

വിൽപ്പനയെ അനുകൂലിക്കൂ; ഓഹരി സമ്മാനമാക്കി‌ ബിപിസിഎൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020


കൊച്ചി
ബിപിസിഎൽ ഓഹരികളുടെ ചെറിയൊരു ഭാഗം ജീവനക്കാർക്ക്‌ വിൽക്കാനുള്ള തീരുമാനം കമ്പനി  സ്വകാര്യവൽക്കരണത്തെ അനുകൂലിക്കുന്നവർക്കുള്ള സമ്മാനമാക്കി മാറ്റി മാനേജ്‌മെന്റ്‌. ബിപിസിഎൽ വിൽപ്പനയെ ഏതെങ്കിലും വിധത്തിൽ എതിർത്ത്‌ വ്യവഹാരങ്ങളിൽ ഏർപ്പെട്ടവർക്ക്‌ ഓഹരി നൽകില്ലെന്നാണ്‌ മാനേജ്‌മെന്റിന്റെ പുതിയ ഉത്തരവ്‌. സ്വകാര്യവൽക്കരണത്തിനെതിരെ കോടതികളെ സമീപിച്ച തൊഴിലാളി യൂണിയനുകളുടെ അംഗങ്ങൾക്കും ഓഹരി വാങ്ങാൻ അർഹതയില്ലെന്ന്‌ കഴിഞ്ഞദിവസം എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ (എച്ച്‌ആർ) പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനു മുന്നോടിയായാണ്‌  ജീവനക്കാർക്ക് ബിപിസിഎൽ ട്രസ്‌റ്റിന്റെ പക്കലുള്ള 9.35 ശതമാനം ഓഹരിയിൽനിന്ന്‌ രണ്ടുശതമാനം  നൽകാൻ തീരുമാനിച്ചത്‌. കമ്പനി വിൽപ്പനയ്‌ക്കെതിരെ തൊഴിലാളികൾക്കിടയിൽ ഉയർന്ന പ്രതിഷേധം തണുപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിട്ടു. എന്നാൽ, പ്രതിഷേധം കൂടുതൽ ശക്തമായതോടെയാണ്‌ പുതിയ തന്ത്രവുമായി മാനേജ്‌മെന്റ്‌ ഇറങ്ങിയത്‌. ജീവനക്കാർക്ക്‌ ഓഹരി നൽകുന്ന എംപ്ലോയീ സ്‌റ്റോക്ക്‌ പർച്ചേസ്‌ പ്ലാനിന്‌ കഴിഞ്ഞദിവസം ചേർന്ന ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽകിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ വിചിത്ര വ്യവസ്ഥകൾ ഉൾപ്പെടുത്തിയ സർക്കുലർ പുറത്തുവന്നത്‌.

2020 സെപ്തംബർ 28ന് ബിപിസിഎലിൽ ജീവനക്കാരായിരിക്കുന്ന, അഞ്ചുവർഷത്തിലധികം സർവീസുള്ള എല്ലാവരും ഓഹരിക്ക് അർഹരാണ്. ഓരോരുത്തർക്കും വാങ്ങാവുന്ന ഓഹരികളുടെ എണ്ണം ജീവനക്കാരുടെ ഗ്രേഡ്‌ അനുസരിച്ചാകും. കമ്പനി സ്വകാര്യവൽക്കരണത്തിനെതിരെ കോടതിയിൽ പോയവർക്കും യൂണിയനുകളിൽ അംഗമായി  അത്തരം നീക്കങ്ങളുടെ ഭാഗമായിട്ടുള്ളവർക്കും അതിൽനിന്നെല്ലാം പിൻമാറിയാൽ ഓഹരിക്ക്‌ അർഹതയുണ്ട്‌. നിശ്‌ചിത തീയതിക്കുള്ളിൽ അതിനുള്ള തെളിവ്‌ ഹാജരാക്കിയാൽ മതിയെന്നും സർക്കുലറിൽ പറയുന്നു.  

4.34 കോടി എണ്ണം ഓഹരികളാണ് ജീവനക്കാർക്കായി വിതരണം ചെയ്യുന്നത്‌. ഒരു ജീവനക്കാരന്‌ പരമാവധി വാങ്ങാവുന്ന ഓഹരികളുടെ എണ്ണം ഒമ്പതിനായിരമാണ്‌.  നിലവിലുള്ളതിന്റെ മൂന്നിലൊന്ന്‌ വിലയ്‌ക്കാണ്‌ ജീവനക്കാർക്ക്‌ ഓഹരി  നൽകുക. ഒരുവർഷത്തിനുശേഷം ഇത്‌ വിൽക്കാനുമാകും.

മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരെ ബിപിസിഎൽ വർക്കേഴ്‌സ്‌ അസോസിയേഷൻ കമ്പനി ചെയർമാനും സെബിക്കും പരാതി നൽകിയിട്ടുണ്ട്‌. യൂണിയനോ ജീവനക്കാർക്കോ നിയമപരമായി കോടതിയിൽ പോകാനുള്ള അവകാശത്തെയാണ്‌ മാനേജ്മെന്റ്‌ ചോദ്യം ചെയ്യുന്നതെന്ന്‌ പരാതിയിൽ പറഞ്ഞു.

കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ്‌ പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്‌. ഇത്‌ നീതീകരിക്കാനാകില്ലെന്നും പുതിയ വ്യവസ്ഥ പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top