31 October Saturday

പണ്ഡിറ്റ്‌ കറുപ്പൻ സാമൂഹിക പരിഷ്കരണത്തിന് സാഹിത്യത്തെ ആയുധമാക്കി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020


കൊച്ചി
സാമൂഹിക പരിഷ്കരണത്തിന്‌ സാഹിത്യത്തെ ആയുധമാക്കിയ മഹാനാണ് കവിതിലകൻ പണ്ഡിറ്റ്‌ കറുപ്പനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറായിയിൽ പണ്ഡിറ്റ്‌ കറുപ്പൻ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. പണ്ഡിറ്റ്‌ കറുപ്പനെപ്പോലെയുള്ള സമർപ്പിത ജീവിതങ്ങളുടെ അടിത്തറയിലാണ് കേരളത്തിൽ പുരോഗമന ശക്തികൾ വളർന്നത്. ആധുനിക കേരളം യഥാർഥ്യമായതും ആ അടിത്തറയിലാണ്.

എന്നാൽ, ആ ഉന്നത മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ്‌ ഇപ്പോൾ നടക്കുന്നത്. ഇതിനെ ഗൗരവപൂർവം കാണണം. നവോത്ഥാന സന്ദേശങ്ങളെ സംരക്ഷിക്കാൻ ജാഗ്രത പുലർത്തണം. ജാതീയതയ്‌ക്കും അടിച്ചമർത്തലിനും  എതിരെയുള്ള ആദ്യ കൃതിയായി കുമാരനാശാന്റെ ‘ദുരവസ്ഥ'യെ കാണുമ്പോൾ അതിനും പത്ത്‌ വർഷംമുമ്പ്‌ ‘ജാതിക്കുമ്മി’എന്ന കൃതിയിലൂടെ ജാതീയതയ്‌ക്ക് പ്രഹരമേൽപ്പിച്ചയാളാണ് പണ്ഡിറ്റ്‌ കറുപ്പൻ എന്നത്‌ ശ്രദ്ധേയമാണ്‌.

തൊട്ടുകൂടായ്മയെ നേരിട്ടനുഭവിച്ച തലമുറയിലെ പ്രതിനിധിയായ അദ്ദേഹം മനുഷ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കവിതയെ പടവാളാക്കി. അടിസ്ഥാന വർഗത്തിന്റെ ജീവിത ഉന്നതിക്ക് വിദ്യാഭ്യാസത്തെ ആയുധമാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. കൊച്ചി കായൽ സമ്മേളനവും കാർഷിക മേളകളിൽ കർഷകർക്ക് പ്രവേശനം അനുവദിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top