22 October Tuesday

ക്വാട്ട പൂർത്തിയാക്കാനായില്ല ; ബിജെപി അംഗത്വ പ്രചാരണവും പാളി

ഇ എസ്‌ സുഭാഷ്‌Updated: Friday Aug 30, 2019


കൊച്ചി
സംഘടനാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി തുടങ്ങിയ ബിജെപി അംഗത്വവിതരണ പ്രചാരണം സംസ്ഥാനത്ത്‌ പാളി. 15 ലക്ഷം അംഗങ്ങളെ ചേർക്കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ അംഗത്വവിതരണം ആരംഭിച്ചത്‌. എന്നാൽ, സമയം കഴിഞ്ഞിട്ടും ക്വാട്ട പൂർത്തിയാക്കാനായില്ലെന്നുമാത്രമല്ല കഴിഞ്ഞ വർഷത്തെയത്രപോലും ചേർക്കാനായിട്ടില്ല.  അംഗത്വവിതരണ കാലാവധി കേന്ദ്രം നീട്ടിനൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മാത്രമാണ്‌ പ്രചാരണം നടന്നത്‌. മറ്റു ജില്ലകളിൽ വളരെ പുറകിലാണ്‌. എറണാകുളമാണ്‌ ഏറ്റവും പിന്നിൽ. കോഴിക്കോട്‌, ഇടുക്കി, കോട്ടയം, വയനാട്‌ ജില്ലകളും പുറകിലാണ്‌. പാലക്കാട്ട്‌ കഴിഞ്ഞതവണ ചേർത്തവരുടേത്‌ ഇക്കുറി പുതുക്കാനും കഴിഞ്ഞില്ല.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കൊണ്ടുവന്നാണ്‌ അംഗത്വവിതരണം ഉദ്‌ഘാടനം ചെയ്യിപ്പിച്ചത്‌. കഴിഞ്ഞ ദിവസംവരെയുള്ള കണക്കനുസരിച്ച്‌  നാലുലക്ഷത്തിൽ താഴെ അംഗങ്ങളെ മാത്രമാണ്‌  ചേർത്തത്‌. കഴിഞ്ഞതവണ ഏഴുലക്ഷം പേരെ ചേർത്തുവെന്നാണ്‌ നേതൃത്വത്തിന്റെ അവകാശ വാദം.  ഇത്തവണ ആറരലക്ഷംപേർ നേരിട്ടും അമ്പതിനായിരം പേർ ഓൺലൈൻവഴിയും അംഗങ്ങളായെന്നാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ള വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടത്‌.

താഴെത്തട്ടിലുള്ള പ്രവർത്തകർക്ക്‌ അംഗത്വവിതരണത്തിൽ തികഞ്ഞ നിസ്സംഗതയാണ്‌.  ബിജെപിയിലെ ആർഎസ്‌എസ്‌, പി കെ കൃഷ്‌ണദാസ്‌, വി മുരളീധരൻ പക്ഷങ്ങൾ മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ്‌ പ്രവർത്തിക്കുന്നതാണ്‌ കാരണമായി പറയുന്നത്‌. വിശ്വസ്‌തരെമാത്രം അംഗങ്ങളാക്കാനാണ്‌ ഗ്രൂപ്പുകാരുടെ ശ്രമം.  സംഘടനാ തെരഞ്ഞെടുപ്പിൽ പാർടി പിടിക്കുകയാണ്‌ ലക്ഷ്യം. 25 സാധാരണ അംഗങ്ങളെ ചേർത്താൽ വോട്ടവകാശമുള്ള സജീവ അംഗമാകാം.


പ്രധാന വാർത്തകൾ
 Top