28 January Tuesday

മത്സ്യത്തൊഴിലാളികളുടെ ഐക്യം ഛിദ്രമാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 1, 2019

പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പാർച്ചന നടത്തുന്നു


കൊച്ചി
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുടെ ഐക്യത്തെ ഛിദ്രമാക്കാനുള്ള പുതിയകാലത്തെ കടന്നുകയറ്റങ്ങളും ശ്രമങ്ങളും തിരിച്ചറിയണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികളുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ‌് പണ്ഡിറ്റ‌് കറുപ്പന്റെ സ‌്മരണയ‌്ക്ക‌് നൽകാവുന്ന ഏറ്റവും വലിയ ആദരാഞ‌്ജലി.

ഗോശ്രീയിലെ കവിതിലകൻ കെ പി പണ്ഡിറ്റ‌് കറുപ്പൻ ജന്മശതാബ്ദി സ‌്മാരകത്തിനുമുന്നിൽ സ്ഥാപിച്ച പൂർണകായ വെങ്കല പ്രതിമ അനാവരണവും പണ്ഡിറ്റ‌് കറുപ്പന്റെ 135–-ാം ജന്മദിന സമ്മേളന ഉദ‌്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും വർഗീയ കലാപങ്ങളിലേക്കുവരെ തള്ളിവിടാനുമുള്ള ശ്രമങ്ങൾ സ്ഥാപിതതാൽപര്യക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നു. അതിനെ ചെറുക്കാൻ പണ്ഡിറ്റ‌് കറുപ്പനടക്കമുള്ളവരുടെ ചരിത്രപരമായ ഇടപെടലുകൾ പ്രചോദനമാകും.

സാമൂഹ്യമാറ്റത്തിന‌് നിർണായക പങ്കുവഹിച്ച മഹത്തുക്കളിൽ പ്രമുഖ സ്ഥാനമാണ‌് പണ്ഡിറ്റ‌് കറുപ്പനുള്ളത‌്. സമൂഹത്തിലുള്ള ജീർണത തുടച്ചുമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പണ്ഡിറ്റ‌് കറുപ്പനടക്കമുള്ളവരുടെ  നേതൃത്വത്തിൽ നടത്തി. ഇതാണ‌് ഇന്നു കാണുന്ന സമൂഹത്തെ രൂപപ്പെടുത്തിയത‌്.
ജാതിക്കുമ്മിയടക്കമുള്ള പണ്ഡിറ്റ‌് കറുപ്പന്റെ കൃതികൾ നവോത്ഥാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നവയായിരുന്നു. അതേസമയം, സാഹിത്യം മാത്രം പോരാ, വ്യവസ്ഥിതി മാറ്റിമറിക്കുന്നതിന‌് സമരോത്സുകമായി കർമരംഗത്തിറങ്ങണമെന്നും അദ്ദേഹം ചിന്തിച്ചു.

ഇതരസമുദായങ്ങളെ അപേക്ഷിച്ച‌് അരയസമുദായത്തെ സംഘടിപ്പിക്കുകയെന്ന‌ത‌് വിഷമകരമായ ദൗത്യമായിരുന്നു. ഇതാണ‌് അദ്ദേഹം ഏറ്റെടുത്തത‌്. ജാതി, മത വേർതിരിവുകളെ കടന്നുനിൽക്കുന്ന മനുഷ്യത്വം, അതിലൂന്നിയ അവകാശബോധം എന്നിവയെ അടിസ്ഥാനമാക്കിയാണ‌് പണ്ഡിറ്റ‌് കറുപ്പൻ പ്രവർത്തിച്ചത‌്.

അരയസമാജം സ്ഥാപിച്ചുകൊണ്ട‌് ദുഷിച്ച ആചാരങ്ങളെയും ജീർണിച്ച അനുഷ‌്ഠാനങ്ങളെയും ഇല്ലായ‌്മചെയ്യാൻ അദ്ദേഹം ശ്രമിച്ചു. പിൽക്കാലത്ത‌് ട്രേഡ‌് യൂണിയൻ പ്രവർത്തനത്തിലേക്കുൾപ്പെടെ കടന്നുവരാനും മത്സ്യത്തൊഴിലാളികളിൽ രാഷ‌്ട്രീയബോധം വളർത്താനും വലിയ സംഭാവനയാണ‌് പണ്ഡിറ്റ‌് കറുപ്പൻ നൽകിയത‌്.
ക്ഷേത്രപ്രവേശനത്തിനുമുമ്പ‌് കൊച്ചിയിൽ പട്ടണപ്രവേശത്തിനുവേണ്ടി നടന്ന സമരത്തിലും പണ്ഡിറ്റ‌് കറുപ്പൻ നിർണായക പങ്കുവഹിച്ചു. കായൽസമ്മേളനംവഴി ഉന്നയിച്ച ആവശ്യത്തിലേക്ക‌് മഹാരാജാവിന്റെ ശ്രദ്ധതിരിക്കാൻ പണ്ഡിറ്റ‌് കറുപ്പനെയാണ‌് ചുമതലപ്പെടുത്തിയത‌്. അടിച്ചമർത്തപ്പെട്ട എല്ലാ സമുദായങ്ങ‌ളുടെയും ഉൽകർഷയ‌്ക്കായി അദ്ദേഹം പ്രവർത്തിച്ചു.

മൽസ്യത്തൊഴിലാളികൾക്ക‌് അർഹമായ സൗകര്യങ്ങളൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്. അത്തരത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ‌്തിട്ടുണ്ട‌്. ധീവരസമുദായത്തിന‌് അർഹമായ പരിഗണന ഉറപ്പാക്കും. ധീവരസഭാ നേതാക്കൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഏതുഘട്ടത്തിലും ചർച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധീവരസഭ പ്രസിഡന്റ‌് കെ കെ രാധാകൃഷ‌്ണൻ അധ്യക്ഷനായി. മേയർ സൗമിനി ജെയിൻ പണ്ഡിറ്റ‌് കറുപ്പനെ അനുസ‌്മരിച്ചു. എംപിമാരായ ഹൈബി ഈഡൻ, ടി എൻ പ്രതാപൻ, എസ‌് ശർമ എംഎൽഎ, ജസ‌്റ്റിസ‌് കെ സുകുമാരൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ബിജെപി സംസ്ഥാന വൈസ‌് പ്രസിഡന്റ‌് പി എം വേലായുധൻ, കൗൺസിലർ ദീപക‌് ജോയ‌്, കേരള ദളിത‌് ഫെഡറേഷൻ പ്രസിഡന്റ‌് പി രാമഭദ്രൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന സർക്കാർ സഹായത്തോടെ ധീവരസഭ നിർമിച്ചതാണ‌് പണ്ഡിറ്റ‌് കറുപ്പൻ ജന്മശതാബ്ദി സ‌്മാരകം. 1916ൽ പണ്ഡിറ്റ‌് കറുപ്പൻ സ്ഥാപിച്ച ഇടക്കൊച്ചി ജ്ഞാനോദയം സഭ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില കേരള ധീവരസഭയ‌്ക്ക‌് സംഭാവനചെയ‌്ത പണ്ഡിറ്റ‌് കറുപ്പന്റെ പൂർണകായ വെങ്കല പ്രതിമയാണ‌് സ‌്മാരകമന്ദിരത്തിനുമുന്നിൽ മുഖ്യമന്ത്രി അനാവരണം ചെയ‌്തത‌്. പ്രതിമയൊരുക്കാൻ പ്രവർത്തിച്ച ജ്ഞാനോദയം സഭ പ്രസിഡന്റ‌് എ ആർ ശിവജിയെ ചടങ്ങിൽ ആദരിച്ചു.  രതീഷ‌് മാന്നാർ ഒരുക്കിയ പ്രതിമയ‌്ക്ക‌് 500 കിലോയോളം തൂക്കമുണ്ട‌്. ആറരലക്ഷം രൂപയാണ‌് നിർമാണച്ചെലവ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top