19 September Thursday

കോൺഗ്രസ്‌ നേതാവിന്റെ വായ്‌പ തട്ടിപ്പ് ; കർഷകൻ ജീവനൊടുക്കി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023


പുൽപ്പള്ളി
കെപിസിസി ജനറൽ സെക്രട്ടറിയുടെ വായ്‌പാ തട്ടിപ്പിനിരയായ കർഷകൻ ജീവനൊടുക്കി. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടിക്കലാത്ത്‌ രാജേന്ദ്രൻ നായരാണ്‌ (60) വിഷം കഴിച്ച്‌ മരിച്ചത്‌. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്ക് വഴിയായിരുന്നു തട്ടിപ്പ്‌. 

അബ്രഹാം ബാങ്ക്‌ പ്രസിഡന്റായിരിക്കെ 2016–-17ൽ 70 സെന്റ്‌ ഈട്‌ നൽകി രാജേന്ദ്രൻ 70,000 രൂപ വായ്‌പ എടുത്തിരുന്നു. എന്നാൽ അബ്രഹാമും മറ്റു ഭരണസമിതി അംഗങ്ങളും ചേർന്ന്‌ രാജേന്ദ്രന്റെ പേരിൽ  24,30,000 രൂപ വായ്‌പയായി തട്ടിയെടുത്തു. പലിശ ഉൾപ്പെടെ ഇപ്പോൾ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്‌. ഇത്‌ തിരിച്ചടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജേന്ദ്രന്‌ ബാങ്കിൽനിന്ന്‌ മുമ്പ്‌ നോട്ടീസും ലഭിച്ചിരുന്നു. മറ്റ്‌ 27 കർഷകരെയും തട്ടിപ്പിനിരകളാക്കിയിരുന്നു.

തിങ്കൾ രാത്രി പത്തോടെ കാണാതായ രാജേന്ദ്രനെ ചൊവ്വ രാവിലെയാണ്‌ വീടിനുസമീപം കുന്നിൻ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മൃതദേഹമെടുക്കാൻ നാട്ടുകാരും സമരസമിതിയും സമ്മതിച്ചില്ല. ഉന്നത റവന്യു അധികൃതർ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. പിന്നീട്‌ ബത്തേരി തഹസിൽദാർ ഷാജുവിന്റെ നേതൃത്വത്തിൽ അധികൃതരെത്തി ചർച്ച നടത്തി. പകൽ മൂന്നിന്‌  മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. കർഷകസംഘം നേതൃത്വത്തിൽ ബാങ്ക്‌ ഉപരോധിച്ചു. ഭാര്യ: ജലജ. മക്കൾ: രാംജിത്ത്‌, ശ്രീജിത്ത്‌.

നേരത്തെ സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ ബാങ്കിൽ ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. എട്ടരക്കോടി രൂപ ഭരണസമിതി അംഗങ്ങളിൽനിന്ന്‌ തിരിച്ചുപിടിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top