16 July Thursday

ജില്ലാപഞ്ചായത്ത്‌ അധികാരകൈമാറ്റം : കേരള കോൺഗ്രസ്‌ വഴിപിരിയുന്നു

കെ ടി രാജീവ്‌Updated: Sunday May 31, 2020


കോട്ടയം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പദം ഉൾപ്പെടെയുള്ള സ്ഥാനങ്ങളിലെ ധാരണ പാലിക്കാത്തതിനെ ചൊല്ലി‌ യുഡിഎഫിൽ‌ ഭിന്നത വീണ്ടും രൂക്ഷം. മെയ്‌ 31നകം പ്രശ്‌നം ചർച്ചചെയ്‌ത്‌ പരിഹരിക്കണമെന്ന യുഡിഎഫ്‌ സംസ്ഥാന നേതൃത്വ  നിർദേശം നിലനിൽക്കെ കടുംപിടുത്തം തുടരുകയാണ്‌ പി ജെ ജോസഫ്‌–-ജോസ്‌ കെ മാണി വിഭാഗങ്ങൾ.
മുന്നണി മര്യാദ പാലിക്കാത്തതിനാൽ യുഡിഎഫിന്റെ കോട്ടയം ജില്ലാ ചെയർമാനെ പുറത്താക്കണമെന്ന്‌ പി ജെ ജോസഫ്‌ ആവശ്യപ്പെട്ടു. എന്നാൽ ജോസഫിന്റെ കടുംപിടിത്തം യുഡിഎഫിനെതന്നെ പ്രതിസന്ധിയിലാക്കുന്നതായും കെ എം മാണി ജീവിച്ചിരുന്നപ്പോൾ എടുത്ത തീരുമാനമാണ്‌ തുടരുന്നതെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം ഒഴിയേണ്ടതില്ലെന്നും ജോസ്‌പക്ഷവും പറയുന്നു. 

കെ എം മാണിയുടെ മരണശേഷം കേരള കോൺഗ്രസ് തർക്കങ്ങൾ  യുഡിഎഫിനു കടുത്ത തലവേദന സൃഷ്ടിക്കുമ്പോൾ മുന്നണിക്ക്‌ നേതൃത്വം നൽകുന്ന കോൺഗ്രസിനെയാണ്‌ ഇരുവിഭാഗങ്ങളും കുറ്റപ്പെടുത്തുന്നത്‌. കോൺഗ്രസ്‌ നേതാക്കൾ ഓരോ വിഭാഗത്തോടും പക്ഷാപാത നിലപാടുകൾ സ്വീകരിക്കുന്നതിനാൽ മുൻ ധാരണകളും തീരുമാനങ്ങളും പാലിക്കാനാകുന്നില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ നാല് ത്രിതല പഞ്ചായത്തുകളിൽ ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. പി ജെ ജോസഫ് യുഡിഎഫ് നേതൃത്വത്തിന് പ്രത്യേകിച്ച് കോൺഗ്രസിന് നൽകിയിരിക്കുന്ന അന്ത്യശാസന കാലാവധി ഞായറാഴ്‌ച പൂർത്തിയാവും. ധാരണ പാലിച്ചില്ലെങ്കിൽ കടുത്ത നിലപാട്‌ സ്വീകരിക്കുമെന്നും ജോസഫ്‌ പറഞ്ഞിട്ടുണ്ട്‌.

മുൻ ധാരണയേ പാലിക്കൂ: ജോസ്‌ കെ മാണി
ത്രിതല പഞ്ചായത്തുകളിൽ അധികാര കൈമാറ്റം സംബന്ധിച്ച് കെ എം മാണി ജീവിച്ചിരുന്നപ്പോൾ ഉണ്ടായ കരാർ മാത്രമേ പാലിക്കൂവെന്ന്‌ ജോസ് കെ മാണി എംപി   കോട്ടയത്ത്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനവും കാലാവധിയും കോൺഗ്രസും കേരള കോൺഗ്രസും തുല്യമായി വീതിക്കുകയായിരുന്നു. ഇതിൽ മാറ്റം വരുത്താനാണ്‌ ജോസഫ്‌ വിഭാഗം ആവശ്യപ്പെടുന്നത്. ഇത് ‌അന്യായമാണ്‌. മഹാമാരിയുടെ കാലത്ത്‌ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്‌ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്നും ജോസ്‌ കെ മാണി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top