14 July Tuesday

പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ കേസ്‌ : ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ്‌ ചോദ്യം ചെയ്‌തു‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


കൊച്ചി
കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലെ പരാതിക്കാരന്റെ ആരോപണം തിരിച്ച്‌ ഉന്നയിച്ച്‌ വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ. കേസ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തന്നെ ഭീഷണിപ്പെടുത്തിയെന്നും അഞ്ചുലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്നുമുള്ള കളമശേരി സ്വദേശി ജി ഗിരീഷ്‌ബാബുവിന്റെ പരാതിയിൽ വിജിലൻസ്‌ ചോദ്യംചെയ്‌തപ്പോഴാണ്‌ തനിക്കെതിരെയുള്ള ആരോപണം ഇബ്രാഹിംകുഞ്ഞ്‌ തിരിച്ച്‌ ഉന്നയിച്ചത്‌.

തന്നോട്‌ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും അത്‌ നൽകാതിരുന്നതിനാലാണ്‌ തനിക്കെതിരെ പരാതി നൽകിയതെന്നുമാണ്‌ ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞത്‌. ഹർജിക്കാരനെ ഭീഷണിപ്പെടുത്തിയിട്ടില്ല. പണം ആവശ്യപ്പെട്ട്‌ രണ്ടുതവണ അയാൾ വീട്ടിൽ വന്ന്‌ കണ്ടിരുന്നു. കേസ്‌ പിൻവലിക്കാനല്ല പണം ചോദിച്ചത്‌. പണത്തിന്‌ ബുദ്ധിമുട്ടാണ്‌ സഹായിക്കണമെന്നാണ്‌ പറഞ്ഞത്‌. തെറ്റിദ്ധാരണമൂലമാണ്‌ കേസ്‌ നൽകിയതെന്നും പലരും പറഞ്ഞുപറ്റിച്ചെന്നും ഗിരീഷ്‌ബാബു പറഞ്ഞിരുന്നു. ഏപ്രിൽ 21നും മെയ്‌ രണ്ടിനുമാണ്‌ വീട്ടിൽ വന്നത്‌. കേസ്‌ പിൻവലിക്കണമെന്ന്‌ താൻ ആവശ്യപ്പെട്ടില്ല. ബ്ലാക്ക്‌മെയിലിങ്ങാണ്‌ പരാതിക്കാരന്റെ ലക്ഷ്യം. ഗിരീഷ്‌ബാബു ഇങ്ങനെ കേസുകൾ നൽകുന്നയാളാണ്‌. എല്ലാം പാതിവഴിയിൽ അവസാനിപ്പിക്കുന്നതാണ്‌ പതിവ്‌–- ഇബ്രാഹിംകുഞ്ഞ്‌ വിജിലൻസിനോട്‌ പറഞ്ഞു.

മുസ്ലീം ലീഗ്‌ മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ്‌ 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെടുത്തി ഇത്‌ അന്വേഷിക്കണമെന്നും ഗിരീഷ്‌ബാബു പരാതി നൽകിയിരുന്നു. ‌ ഈ കേസ്‌ പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞും മകനും പണം വാഗ്ദാനം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ്‌ വിജിലൻസ്‌ ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്‌തത്‌. മകനും യൂത്ത്‌ ലീഗ്‌ ജില്ലാ ജനറൽ സെക്രട്ടറിയുമായ വി ഇ അബ്‌ദുൾ ഗഫൂറിനെ നേരത്തെ ചോദ്യംചെയ്‌തിരുന്നു.  വിജിലൻസ്‌ കോഴിക്കോട്‌ യൂണിറ്റിലെ എസ്‌പി  എസ്‌ ശശിധരന്റെ നേതൃത്വത്തിൽ നടന്ന  ചോദ്യംചെയ്യൽ മൂന്നുമണിക്കൂറിലേറെ നീണ്ടു.


പ്രധാന വാർത്തകൾ
 Top