30 November Monday

സൗഹൃദം പന്തലിട്ടു; ഇന്ന്‌ കല്യാണമേളം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കോലഞ്ചേരി
കോവിഡ് പ്രതിസന്ധിയെ മറികടന്ന്‌ സുഹൃത്തിന്റെ വീട്ടുമുറ്റത്തെ പന്തലിൽ അനീഷിനും അക്ഷയക്കും വിവാഹ മംഗളം. മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു മൂന്നുനാൾമുമ്പ്‌ അനീഷിന്റെ വീട് കണ്ടെയ്‌ൻമെന്റ് സോണിലായതോടെയാണ് വിവാഹം നടത്താൻ സുഹൃത്ത് വാടകവീട്ടിൽ പന്തലൊരുക്കിയത്.

പഴന്തോട്ടം കയ്യാലക്കുടിയിൽ രാജപ്പന്റെയും സാലുവിന്റെയും മകൻ അനീഷിന്റെയും മാടവന തുരുത്തിപ്പിള്ളി ദാസന്റയും ഉഷയുടെയും മകൾ അക്ഷയയുടെയും വിവാഹം വ്യാഴാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, അനീഷിന്റെ അയൽവാസികളായ ഒമ്പതുപേർക്ക് കോവിഡ് പോസിറ്റീവായതോടെ ഞായറാഴ്ചമുതൽ വീടിരിക്കുന്ന സ്ഥലം കണ്ടെയ്‌ൻമെന്റ് സോണായി. വിവാഹം ഹാളിലേക്ക് മാറ്റാൻ അന്വേഷിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ വില്ലനായി.

മാസങ്ങൾക്കുമുമ്പ്‌ തീരുമാനിച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ വിവാഹം മാറ്റിവയ്‌ക്കേണ്ടി വരുമെന്ന അവസ്ഥ വന്നതോടെയാണ് വരന്റെ സുഹൃത്ത് അഖിൽ തന്റെ കോലഞ്ചേരിയിലെ വാടക വീട്ടിൽ വിവാഹപ്പന്തലൊരുക്കാൻ മുന്നിട്ടിറങ്ങിയത്. തീരുമാനത്തിന് അനീഷിന്റെയും അക്ഷയയുടെയും കുടുംബങ്ങൾ പച്ചക്കൊടി കാണിച്ചതോടെ  ഒരുക്കങ്ങളെല്ലാം ശരവേഗത്തിലായിരുന്നു.

ഒറ്റ ദിവസംകൊണ്ട് വീടും പരിസരവും വൃത്തിയാക്കി പന്തലുയർത്തി അനീഷിനെയും കുടുംബത്തെയും അവിടേക്ക് മാറ്റി താമസിപ്പിച്ചു. വിവാഹവേദി മാറ്റിയ വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചറിയിച്ചു. വ്യാഴാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ വിവാഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top