24 November Tuesday

കോവിഡ്‌ വ്യാപനം കുറയുന്നു ; നേരിയ വർധന 3 ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020



സംസ്ഥാനത്തെ കോവിഡ്‌ വ്യാപനം കുറയുന്നുവെന്ന സൂചനയുമായി ആരോഗ്യവകുപ്പിന്റെ ആഴ്‌ച റിപ്പോർട്ട്‌. ഒക്‌ടോബർ മൂന്നാംവാരം 31.6 ശതമാനമായിരുന്ന മലപ്പുറം ജില്ലയിലെ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ നാലാംവാരമെത്തിയപ്പോൾ 20.6 ആയി കുറഞ്ഞു. ഒറ്റ ആഴ്ചകൊണ്ട്‌ നിരക്കിലുണ്ടായ ഈ മാറ്റം സംസ്ഥാനത്തിന്‌ മൊത്തം ആശ്വാസം നൽകുന്നതാണ്‌.

മൂന്നാംവാര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എട്ട്‌ ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക്‌ കുറഞ്ഞെന്ന്‌ വ്യക്തമായിരുന്നു. എന്നാൽ, നാലാംവാരമെത്തിയപ്പോൾ 11 ജില്ലയിൽ കുറവുവന്നു‌. ഈ കാലയളവിൽ 168 കോവിഡ്‌ മരണവും റിപ്പോർട്ട്‌ ചെയ്തു. 3.89 ലക്ഷം സാമ്പിൾ പരിശോധിച്ചു. 51,795 പേർ രോഗമുക്തരായി.

കൊല്ലം (12.5), പത്തനംതിട്ട (9.3), ആലപ്പുഴ (17.6) ജില്ലകളിൽ മാത്രമാണ്‌ നിരക്കിൽ ചെറിയതോതിൽ വർധനയുണ്ടായത്‌. നിലവിൽ ഏറ്റവും കുറവ്‌ പോസിറ്റിവിറ്റി നിരക്കുള്ളത്‌ ഇടുക്കിയിലാണ്‌, 5.7 ശതമാനം. പിന്നാലെ  6.4 ശതമാനവുമായി വയനാട്‌. ചെറിയ വർധനയുണ്ടെങ്കിലും പത്തനംതിട്ട ജില്ലയാണ്‌ കുറവ്‌ പോസിറ്റിവിറ്റി നിരക്കിൽ മൂന്നാമത്‌. മുമ്പത്തേക്കാൾ 11 ശതമാനം കുറവുണ്ടെങ്കിലും കൂടുതൽ പോസിറ്റിവിറ്റി നിരക്ക്‌ മലപ്പുറം ജില്ലയിൽത്തന്നെയാണ്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top