19 November Tuesday

ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടി ചർച്ച ഇനി വിശാലയോഗത്തിൽ ; കൂടുതൽ ചർച്ച ഒഴിവാക്കി യുഡിഎഫ്‌ യോഗം

പ്രത്യേക ലേഖകൻUpdated: Tuesday Oct 29, 2019



ഉപതെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി ചർച്ചചെയ്യാൻ യുഡിഎഫ്‌ വിശാല യോഗത്തിന്‌. തിങ്കളാഴ്‌ച ചേർന്ന യുഡിഎഫ്‌ യോഗമാണ്‌ അടുത്ത മാസം 15ന്‌ നെയ്യാർഡാമിൽ മുഴുനീള യോഗം ചേർന്ന്‌ ചർച്ച ചെയ്യാൻ തീരുമാനമെടുത്തത്‌. യുഡിഎഫിലെയും കോൺഗ്രസിലെയും പ്രശ്‌നം തീർക്കണമെന്നും ഇന്നത്തെ നിലയ്‌ക്ക്‌ മുന്നോട്ടുപോകാൻ കഴിയില്ലെന്നും മുസ്ലിംലീഗ്‌ യോഗത്തിൽ തുറന്നടിച്ചത്‌ കോൺഗ്രസിനെ വെട്ടിലാക്കി. തുടർന്നാണ്‌ കൂടുതൽ ചർച്ച ഒഴിവാക്കി 15ന്‌ വിശദ ചർച്ചയ്‌ക്ക്‌ തീരുമാനിച്ചത്‌.

കേരള കോൺഗ്രസിലെ രണ്ട്‌ ഗ്രൂപ്പുകാരും യോഗത്തിൽ പങ്കെടുത്തെങ്കിലും പാലായിലെ തോൽവിയെക്കുറിച്ച്‌ ആരും മിണ്ടിയില്ല. ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ പോരായ്‌മകളും വീഴ്‌ചകളും പറ്റിയെന്ന്‌ യോഗം പ്രാഥമിക വിലയിരുത്തൽ നടത്തിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എവിടെയൊക്കെ പാളിച്ചകളുണ്ടായി, എന്ത്‌ പോരായ്‌മകൾ ഉണ്ടായി എന്നത്‌ തുറന്നമനസ്സോടെ പരിശോധിച്ച്‌ തിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.

വട്ടിയൂർക്കാവിലെയും കോന്നിയിലെയും കനത്ത തോൽവിയെച്ചൊല്ലി കോൺഗ്രസ്‌ നേതാക്കൾ ചേരിതിരിഞ്ഞ്‌ വാക്‌പ്പോര്‌ തുടരുകയാണ്‌. എറണാകുളത്ത്‌ വോട്ട്‌ ഇടിഞ്ഞതിന്റെ പേരിൽ മേയറെ മാറ്റാനുള്ള നീക്കം ശക്തമാണ്‌. കെപിസിസിയുടെ രാഷ്‌ട്രീയകാര്യ സമിതിയിൽ ഇക്കാര്യം ചർച്ചചെയ്‌ത്‌ ധാരണയുണ്ടാക്കി യുഡിഎഫ്‌ യോഗത്തിൽ പോകാനായിരുന്നു കോൺഗ്രസ്‌ നേതൃത്വം പദ്ധതിയിട്ടത്‌. എന്നാൽ, ഞായറാഴ്‌ച ചേരാനിരുന്ന രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ചത്തേക്ക്‌ മാറ്റി.

തെരഞ്ഞെടുപ്പ്‌ തോൽവിയെക്കുറിച്ചുള്ള  വിഴുപ്പലക്കൽ രാഷ്‌ട്രീയകാര്യ സമിതിയിലായിരിക്കും. യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാന്റെ നേതൃത്വത്തിൽ വാളയാറിലേക്ക്‌ പോകാനും തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top