20 October Tuesday

പാലാരിവട്ടം പാലം ടാർ അവശിഷ്‌ടം ആവശ്യക്കാർക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


കൊച്ചി
ആവശ്യക്കാരുണ്ടോ? പാലാരിവട്ടം പാലത്തിൽനിന്ന്‌ അടർത്തിമാറ്റുന്ന ടാറിങ് അവശിഷ്‌ടം ആവശ്യക്കാരുണ്ടെങ്കിൽ കൊടുക്കുമെന്ന്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റി. പാലം പൊളിച്ചുനീക്കുന്നതിന്‌ മുന്നോടിയായാണ്‌ ഉപരിതലത്തിലെ ടാറിങ് പൊളിച്ചുനീക്കുന്ന ജോലി തിങ്കളാഴ്‌ച ആരംഭിച്ചത്‌. ടാറിങ് അവശിഷ്‌ടം യഥാസമയം സ്ഥലത്തുനിന്ന്‌ നീക്കിയില്ലെങ്കിൽ തുടർജോലികൾ തടസ്സപ്പെടും. അതിനാൽ ആദ്യമെത്തുന്ന ആവശ്യക്കാരന്‌ ഇത്‌ നൽകാനാണ്‌ സൊസൈറ്റിയുടെ തീരുമാനം.

ടാറിങ് അവശിഷ്‌ടം എത്ര ലോഡ്‌ ഉണ്ടാകുമെന്ന്‌ തിട്ടപ്പെടുത്തിയിട്ടില്ല. രണ്ടുതവണ ടാറിങ് നടത്തിയിട്ടുണ്ട്‌. 20–-30 ലോഡ്‌ കാണുമെന്നാണ്‌ കണക്ക്‌. പാലം തകരാറിലായപ്പോൾ ആദ്യം പൊട്ടിപ്പൊളിഞ്ഞത്‌ ടാറിങ്ങാണ്‌. എണ്ണിയാൽ തീരാത്തത്ര കുഴികൾ പാലത്തിൽ രൂപപ്പെട്ടതോടെ കാൽനടയ്‌ക്കുപോലും പറ്റാതായിരുന്നു. ടാറിങ്ങിന്റെ കുഴപ്പമാണെന്ന പേരിൽ ഈ സമയത്ത്‌ ആർബിഡിസികെ ഒരുവട്ടം റീ ടാറിങ്ങും നടത്തി. കുലുക്കം പാലത്തിനായതിനാൽ അതും പൊളിഞ്ഞു. രണ്ട്‌ എസ്‌കലേറ്റർ ഉപയോഗിച്ചാണ്‌ ഊരാളുങ്കൽ സൊസൈറ്റി ടാറിങ് നീക്കുന്നത്‌. എൺപതോളം തൊഴിലാളികൾ അനുബന്ധ ജോലിക്കുണ്ട്‌. പൊളിക്കുന്ന അവശിഷ്‌ടം പലയിടത്തായി കൂട്ടിയിരിക്കുകയാണ്‌. ഫില്ലിങ്ങിനും മറ്റും ഉപയോഗിക്കാനാകുമെന്നതിനാൽ ആവശ്യക്കാരുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. അതുകൊണ്ടുതന്നെ മറ്റെവിടേക്കെങ്കിലും മാറ്റുന്ന കാര്യം  ആലോചിച്ചിട്ടില്ലെന്ന്‌ ഊരാളുങ്കൽ ചീഫ്‌ എൻജിനിയർ വി പി പ്രമോദ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top