22 October Thursday

വാങ്ങാന്‍ ആളുണ്ട്, കിട്ടാനില്ല ജിപ്സം പാനല്‍ ; പൂട്ടിക്കിടക്കുന്നു കേന്ദ്ര പൊതുമേഖലാ ഫാക്ടറി

സന്തോഷ് ബാബുUpdated: Monday Sep 28, 2020


കൊച്ചി
കെട്ടിടനിർമാണ മേഖലയിൽ അതിവേ​​ഗം ജനപ്രിയമായ ഉൽപ്പന്നമാണ് ജിപ്സം പാനൽ. വേ​ഗത്തിൽ വീടുപണി പൂർത്തിയാക്കാമെന്നതിനാൽ ഇപ്പോഴും അതിന് ആവശ്യക്കാർ ഏറെയാണ്. എന്നാൽ, ജിപ്സം പാനൽ ഉണ്ടാക്കിയിരുന്ന രാജ്യത്തെ ഒരേയൊരു ഫാക്ടറിയായ കൊച്ചിയിലെ ഫാക്ട് ആർസിഎഫ് ബിൽഡിങ് പ്രൊഡക്ട്സ് ലിമിറ്റഡ് (എഫ്ആർബിഎൽ) അടഞ്ഞുകിടക്കുകയാണ്. കേന്ദ്ര പൊതുമേഖലയിലുള്ള ഈ ഫാക്ടറി അടച്ചുപൂട്ടിയിട്ട് ഒമ്പതുമാസം പിന്നിടുന്നു. ജിപ്സം പാനലിന് കേരളത്തിന് അകത്തും പുറത്തും വൻ ആവശ്യകതയുള്ളപ്പോഴാണ് കമ്പനിയുടെ പ്രവർത്തനം നിലച്ചത്.

ഫാക്ട് കൊച്ചി ഡിവിഷന്റെ അമ്പലമേട് ക്യാമ്പസിലായിരുന്നു എഫ്ആർബിഎൽ. ഫാക്ടും മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡും (ആർസിഎഫ്) ചേർന്ന സംയുക്ത സംരംഭമായാണ് 2012ൽ എഫ്ആർബിഎൽ ആരംഭിച്ചത്. ഫാക്ടിന്റെ ഉപോൽപ്പന്നമായ ജിപ്സം ഉപയോ​ഗിച്ച് ജിഎഫ്ആർജി പാനൽ, ജിപ്സം അധിഷ്ഠിത വാൾ പുട്ടി, പ്ലാസ്റ്റർ എന്നിവയായിരുന്നു ഉൽപ്പാദനം. പ്രതിദിനം ഏകദേശം 2000 ടൺ ജിപ്സം ഫാക്ടിൽ ഉപോൽപ്പന്നമായി ഉണ്ടാകുന്നുണ്ട്. ഇതുപയോ​ഗിച്ച് ആയിരത്തിലധികം പാനൽ ഉൽപ്പാദിപ്പിക്കാമെന്ന് തൊഴിലാളികൾ പറയുന്നു. ഫാക്ട് വളപ്പിൽ ജിപ്സം കുന്നുകൂടുന്നതുമൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ഈ ഫാക്ടറി സഹായമായിരുന്നു.

പണി പൂർത്തിയാകാതെ വീടുകൾ
2019 ഡിസംബർ 24ന് പ്രവർത്തനം അവസാനിക്കുമ്പോൾ ഓരോ വർഷവും 400 ശതമാനം അധിക വിറ്റുവരവ് നേടിയിരുന്നു ഈ സ്ഥാപനം. ഇപ്പോഴും ജിപ്സം പാനലിന് ഒട്ടേറെ ആവശ്യക്കാരുണ്ടെന്നും പാനൽ കിട്ടാത്തതിനാൽ കേരളത്തിന് അകത്തും പുറത്തും നിരവധി കെട്ടിടങ്ങളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നതെന്നും ജിപ്സം പാനൽ ഉപയോ​​ഗിച്ച് കെട്ടിടം നിർമിക്കുന്ന കൊച്ചിയിലെ സ്കൈടച്ച് ബിൽഡേഴ്സിന്റെ ഉടമ സയ്ബു ജോർജ് പറഞ്ഞു. കേരളത്തിൽമാത്രം ജിപ്സം പാനൽ കെട്ടിടങ്ങൾ നിർമിക്കുന്ന നൂറോളം ബിൽഡർമാരുണ്ട്.

ജിപ്സം പാനൽ ഉപയോ​ഗിച്ചാൽ സിമന്റ്‌, മണൽ മുതലായവ വളരെ കുറച്ചുമതി എന്നതിനാൽ നിർമാണച്ചെലവിൽ 35 ശതമാനംവരെ ലാഭം കിട്ടുമെന്ന് ബിൽഡർമാർ പറയുന്നു. സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമായിരുന്നു. നാട്ടിലെത്തി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ വീടുപണി തീർത്ത് തിരികെ പോകാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾ, പ്രളയബാധിതരുടെ പുനരധിവാസംപോലെ വേ​ഗത്തിൽ പണി പൂർത്തിയാക്കേണ്ട കെട്ടിടങ്ങൾ തുടങ്ങിയവയ്ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും ജിപ്സം പാനൽ ഉപയോ​ഗപ്പെടുത്തിയിരുന്നു.  ജിപ്സം പാനൽ കിട്ടാതായതോടെ ഈ മേഖലയിലെ അയ്യായിരത്തോളം തൊഴിലാളികൾക്കാണ് പണി ഇല്ലാതായിരിക്കുന്നത്.

കെണിയായി മാറിയ വായ്പ
ഉൽപ്പന്നം വൻതോതിൽ വിറ്റുപോയിട്ടും കമ്പനി അടച്ചുപൂട്ടുന്നതിന് കാരണമായത് പുതിയ ഉൽപ്പന്നങ്ങൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ  മൂന്നു ബാങ്കുകളിൽനിന്നായി എടുത്ത വായ്പയാണ്. രണ്ട് പൊതുമേഖലാ ബാങ്കുകളിൽനിന്നും മുംബൈയിലെ എൻഐസിബി എന്ന  കോ–-ഓപ്പറേറ്റീവ് ബാങ്കിൽനിന്നുമാണ് വായ്പ എടുത്തത്. ഇതിൽ പൊതുമേഖലാ ബാങ്കുകളിൽനിന്നുള്ള 62 കോടി അടച്ചുതീർത്തു. മുംബൈ ബാങ്കിൽനിന്നുള്ള 22 കോടി രൂപ കുടിശ്ശികയായി.

കുടിശ്ശിക പിരിച്ചെടുക്കാൻ മുംബൈ ബാങ്ക് ചുമതലപ്പെടുത്തിയ ഓംകാര അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനി (ഒഎആർസി)ക്ക് ഫാക്ടറി കൈമാറണമെന്ന കോടതി ഉത്തരവിനെ തുടർന്നാണ് എഫ്ആർബിഎൽ പ്രവർത്തനം അവസാനിപ്പിച്ചത്. കമ്പനി പൂട്ടിയതോടെ 120 തൊഴിലാളികുടുംബങ്ങളാണ് ദുരിതത്തിലായത്. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഫാക്ടറി തുറന്നുപ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ പറയുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top